പാലാ: നഗരസഭാ ഭരണം സ്തംഭനത്തിലാണെന്ന് ചൂണ്ടിക്കാട്ടി എത്രയുംവേഗം കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. കഴിഞ്ഞ 6 മാസമായി ഭരണം പ്രതിസന്ധിയിലായിരുന്നെങ്കിലും ശരിക്കും പ്രതിപക്ഷത്തിന്റെ റോൾ നിർവഹിച്ച് പ്രതിഷേധം പോലും നടത്താതെ ചെയർപേഴ്സണെ പ്രതിപക്ഷം സഹായിച്ച് വരുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവിൽ പറഞ്ഞു. എന്നാൽ പാലായിലെ പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. മുൻപരിചയമുള്ള സീനിയർ കൗൺസിലർമാർക്ക് പോലും കൗൺസിൽ യോഗത്തിൽ സംസാരിക്കാൻ അവസരം നൽകാതെ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ചെയർപേഴ്സൺ സ്വീകരിക്കുന്നത്. ഇത് ഭരണപക്ഷത്തെ കൗൺസിലർമാർ സ്വയം തിരിച്ചറിയാനാണ് തങ്ങൾ കാത്തിരുന്നതെന്നും ബിജു പാലുപ്പടവിൽ പറഞ്ഞു. ഭരണസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്കറിയണം ഇവയൊക്കെ
പ്രതിപക്ഷം നൽകിയ നോട്ടീസിൽ കുറെയധികം വിഷയങ്ങളെക്കുറിച്ച് അറിയണമെന്നാവശ്യപ്പെട്ട് നമ്പറിട്ട് നൽകിയിട്ടുണ്ട്. പാലാ നഗരസഭയിലെ പ്രധാനപ്പെട്ട ഫയൽ മോഷണം പോയത് സംബന്ധിച്ച് സെക്രട്ടറി പൊലീസിൽ പരാതി നൽകിയോ, എന്നാണ് പരാതി നൽകിയത്, ഏത് ഫയലാണ് നഷ്ടപ്പെട്ടത്, അത് തിരിച്ചുകിട്ടിയോ മഴക്കാലപൂർവ ശുചീകരണം വേണ്ടവിധം നടപ്പാക്കിയോ, കൊട്ടാരമറ്റം ഓട്ടോസ്റ്റാന്റ് വിഷയത്തിൽ നിലവിൽ നഗരഭരണ നേതൃത്വത്തിന്റെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |