
കട്ടപ്പന: നത്തുകല്ലിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച ഭാഗം വലിയ ഗർത്തമായതോടെ വാഹനങ്ങൾക്ക് ഭീഷണി. കട്ടപ്പന- ഇരട്ടയാർ റോഡിലെ വൻ കുഴികളാണ് അപകടക്കെണിയാകുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം ശരിയായ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താതെ തട്ടിക്കൂട്ട് ജോലികളാണ് നടത്തിയത്. മാസങ്ങൾക്ക് മുമ്പാണ് പൈപ്പ് സ്ഥാപിക്കാൻ ടാറിങ് റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് കോൺക്രീറ്റ് ചെയ്‌തെങ്കിലും ശരിയായി ബലപ്പെടുത്തിയില്ല. തിരക്കേറിയ പാതയിൽ പിന്നീട് ഗർത്തങ്ങൾ രൂപപ്പെട്ടുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽ പതിച്ച് അപകടമുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. ഗർത്തത്തിൽ വീണ് കാറുകൾക്ക് കേടുപാടുകളും സംഭവിക്കുന്നു. വൻ അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. കുഴികൾ മൂടി വീണ്ടും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |