SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

വെന്റിലേറ്ററിലായ ആകാശപാതയ്ക്ക് വീണ്ടും ജീവൻവെയ്ക്കുന്നു!

അത്യാസന്നനിലയിൽ വർഷങ്ങളായി പലർചേർന്നു വെന്റിലേറ്ററിൽ കിടത്തിയ ആകാശപാതക്ക് പതുക്കെ ജീവൻവെയ്ക്കുന്നുവെന്നതാണ് പുതിയ വിശേഷമെങ്കിലും ഇതുവല്ലതും ഉടനേ നടക്കുമോ എന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.

പണ്ടിതു ശീമാട്ടി എംബളമുള്ള ചെറിയ റൗണ്ടാനയായിരുന്നു. പിന്നീടത് പൊളിച്ചു നഗരമദ്ധ്യത്തിലെ കുട്ടിമൈ താനമാക്കി. തുടർന്ന് അതിന് നടുവിൽ വർണപ്രഭ ചൊരിയുന്ന കൃത്രിമ ഈന്തപ്പനയും ഫൗണ്ടനുമൊക്കെയായി മനോഹരമാക്കി. ഇതും പൊളിച്ചു കളഞ്ഞാണ് കമ്പികൾ വട്ടത്തിൽ പാകിയും ഏച്ചുകെട്ടിയും ആകാശപാതയുടെ നിർമ്മാണം തുടങ്ങിയത്. രാഷ്ടീയവും അല്ലാത്തതുമായ കാരണങ്ങളാൽ എട്ടുവർഷമായി നിർമ്മാണം നിലച്ചു കമ്പികൾ തുരുമ്പിച്ചു അപഹാസ്യ കഥപാത്രമായി ട്രോളുകളിൽ നിറഞ്ഞു. 'ചത്തതിനൊക്കുമോ ജീവിച്ചിരിക്കിൽ' എന്ന അവസ്ഥയിൽ പൊളിച്ചുകളയണമെന്നുവരെ കോടതി അഭിപ്രായപ്പെട്ടിടത്ത് നിന്നാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ജീവൻവെയ്ക്കുന്നത്.

ഫുട്ഓവർ ബ്രിഡ്ജായി ഗാന്ധിസ്ക്വയറിൽ നിന്നാരംഭിച്ചു ഫുട്പാത്തിന് മുകളിലൂടെ നിലവിലെ ആകാശപാതയിലെത്തി അവിടെനിന്നും മുകളിലൂടെ ബേക്കർ ജംഗ്ഷനിൽ എത്തുന്നതാണ് പുതിയപ്ലാൻ. . കാൽനട യാത്രക്കാർക്ക് ഗാന്ധിസ്ക്വയറിൽ നിന്നു വാഹനമിടിക്കാതെ മുകളിലൂടെ ബേക്കർ ജേഗ്ഷൻ വരെ നടന്നിറങ്ങാമെന്നതാണ് ആകാശപാതയുടെ പുതിയ പ്ലാൻ,​ ഇത്രയും ഉയരത്തിൽ പടികൾ ചവുട്ടികയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ലിഫ്റ്റ് സംവിധാനവുമുണ്ടാകുമെന്നാണ് പറയുന്നത്. ഉണ്ടായാൽ നല്ലത്.

കോട്ടയം മെഡിക്കൽ കോളേജാശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു കാൽ നടയാത്രക്കാർ അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചു ഭൂഗർഭപാത നിർമ്മിച്ചെങ്കിലും അതിലൂടെ പോകാതെ വാഹനങ്ങൾക്കിടയിലൂടെ അപകടം ക്ഷണിച്ചുവരുത്തി നടക്കാനാണ് മിക്കവർക്കും ഇപ്പോഴും താത്പര്യം. പൊലീസ് ഇടപെടൽ ഉണ്ടായാലേ ഇത്തരം കാര്യങ്ങളിൽ മാറ്റമുണ്ടാകൂ...

എട്ടു വർഷത്തിലേറെയായി മഴയും വെയിലുമേറ്റ് തുരുമ്പിച്ച ആകാശപാതയുടെ ബലപരിശോധന ഐ.ഐ.ടി വിദഗ്ദരെക്കൊണ്ടു നടത്തിയ ശേഷമായിരിക്കും നിലവിലുള്ളത് പൊളിക്കണോ അതോ ബലപ്പെടുത്തിയാൽ മതിയോ എന്ന് തീരുമാനിക്കുക. എയറിലായ ആകാശപാതയുടെ പേരിൽ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറെ പഴികേട്ടതാണ്. പത്തു വർഷത്തിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു അദ്ദേഹം നിയമസഭാ സ്പീക്കറായി മാറിയപ്പോൾ ഇടതുഭരണത്തിൽ മുടങ്ങിക്കിടന്ന വികസനപദ്ധതികളിൽ ആദ്യ പരിഗണന ആകാശപാതയ്ക്കായിരുന്നു.

നിൽക്കണോ പോണോ എന്ന ചോദ്യംപോലെ പഴയതു പൊളിക്കുകയോ പുതിയത് ഉയർത്തുകയോ എന്തായാലും വേണ്ടില്ല വൈകാതെ യാഥാർത്യമാക്കണം എന്നാണ് ചുറ്റുവട്ടത്തിന് ഓർമ്മപ്പെടുത്താനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL