SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

കരിപ്പൂരിൽ നിന്നുള്ള വിമാന നിരക്ക് കുറഞ്ഞേക്കില്ല

fff

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല. എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി മാത്രമാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന സർവീസിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടുള്ളത്. അതിനാൽ ഇവർ നൽകിയ കുത്തക നിരക്കിൽ തന്നെയാണ് ഇത്തവണയും സർവീസ് നടത്തുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നയപരമായ ഇടപെടൽ വേണമെന്ന് തീർത്ഥാടകർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ രീതിയിൽ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. സംസ്ഥാനത്തെ മറ്റ് രണ്ടു പുറപ്പെടൽ കേന്ദ്രങ്ങളായ കണ്ണൂർ,​ കൊച്ചി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരെക്കാളും 40,000 ത്തോളം രൂപ യാത്രാഇനത്തിൽ കരിപ്പൂരിനെ തിരഞ്ഞെടുത്തവർ നൽകേണ്ടതായി വരുന്നുണ്ട്. കരിപ്പൂരിൽ ചെറിയ വിമാനം സർവീസ് നടത്തുന്നതിനാലാണ് യാത്രാ നിരക്ക് കൂടുന്നതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി പറയുന്നത്. ഇത്തവണ കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് സർവീസ് നടത്തുന്നത്. ഇവിടെയും ഇതേ ശ്രേണിയിലുള്ള വിമാനമാണ് സർവീസ് നടത്തുക.

നിരക്ക് കുറക്കാൻ ഇടപെടാനാകില്ലെന്നും തീരുമാനമെടുക്കാൻ പൂർണാധികാരം വിമാനക്കമ്പനിക്കാണെന്നുമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അവസാനമായി അറിയിച്ചത്.

516 പേർക്ക് കണ്ണൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിൽ 3000ത്തോളം അപേക്ഷകൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാവും പുറപ്പെടൽ കേന്ദ്രം മാറ്റുന്നവരെ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ പോയാൽ കരിപ്പൂർ വിമാനത്താവളം അപ്രസക്തമാവുമോയെന്ന ആശങ്കയുയരുന്നുണ്ട്.


കരിപ്പൂർ ഹജ്ജ് ഹൗസ്

.സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ്
. തീർത്ഥാടകർ കൂടുതലുള്ള മലബാറിലെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചിരുന്ന പുറപ്പെടൽ കേന്ദ്രം
. അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിൽ
.വനിതകൾക്ക് മാത്രമായി 30,000 ചതുരശ്ര അടിയുള്ള ഹജ്ജ് ഹൗസ്.
. ഇവിടെ എസി, നോൺ എസി ഡോർമെറ്ററി പ്രാർത്ഥന മുറി, റിസപ്ഷൻ, 500 പേർക്ക് വരെ ഒരേസമയം താമസിക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL