SignIn
Kerala Kaumudi Online
Friday, 23 October 2026 1.00 AM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്‌മെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാൻസിലർ

  • സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധം
  • തിരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും നിർദ്ദേശം


മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഡിപ്പാർട്‌മെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്‌മെന്റ് യൂണിയനുകളുടെ പ്രവർത്തനം തത്ക്കാലം നിറുത്തിവയ്ക്കാനും വൈസ് ചാൻസിലർ ഡോ.പി.രവീന്ദ്രൻ ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് സീനിയർ അദ്ധ്യാപകരുടെ കമ്മിറ്റി രൂപീകരിച്ചു. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷം കാരണം അടച്ചിട്ടിരിക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന
വോട്ടെണ്ണൽ നിറുത്തിവയ്ക്കാനുള്ള വി.സിയുടെ നിർദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പരും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകൾ നൽകിയത് വോട്ടിംഗിൽ കൃത്രിമം കാണിക്കാനാണെന്ന ഒരുവിഭാഗം വിദ്യാർത്ഥികളുടെ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്.

പരാതിയിൽ വൈസ് ചാൻസിലർ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ബാലറ്റ് പേപ്പറുകൾ അച്ചടിക്കുന്ന യൂണിവേഴ്സിറ്റി പ്രസ് അധികൃതർ മുൻകാലങ്ങളിലെ പോലെ ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പർ പതിച്ചിരുന്നുവെങ്കിലും വോട്ടർമാരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ നീക്കം ചെയ്യുവാൻ റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടിരുന്നതായി പ്രസ് അധികൃതർ വിസിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. യൂണിവേഴ്സിറ്റിയിലെ മറ്റു നാല് ഡിപ്പാർട്ട്‌മെന്റ് തിരഞ്ഞെടുപ്പുകളിലും സമാന രീതിയിൽ സീരിയൽ നമ്പറില്ലാതെയുള്ള പേപ്പറുകളാണ് നൽകിയിരുന്നത്. തുടർന്നാണ്, തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകുന്നതിന് സിൻഡിക്കേറ്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ വോട്ടെടുപ്പ് റദ്ദാക്കാൻ വി.സി ഉത്തരവിട്ടത്. അതോടൊപ്പം യൂണിവേഴ്സിറ്റിയുടെ സാറ്റലൈറ്റ് ക്യാമ്പസുകളായ ഐ.ടി.എസ്.ആർ ചെതലയം, ജോൺ മത്തായി സെന്റർ തൃശൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഐ.ഇ.ടി എന്നിവിടങ്ങളിൽ വിജയികളായ യൂണിയൻ ഭാരവാഹികളുടെ പ്രവർത്തനം തൽക്കാലം നിറുത്തിവയ്ക്കാനും വി.സി നിർദ്ദേശം നൽകി.

അന്വേഷണത്തിന് കമ്മിറ്റി

  • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അദ്ധ്യാപകരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ വി.സി നിയോഗിച്ചിട്ടുണ്ട്.
  • പത്ത് ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം.
  • ഡോ. സന്തോഷ് നമ്പി ചെയർമാനായ കമ്മിറ്റിയിൽ ഡോ. എ.എം.വിനോദ് കുമാർ, ഡോ. എൻ.മുഹമ്മദ് അലി, ഡോ. പ്രീതി കുറ്റിപുലാക്കൽ, ഡോ. കെ.കെ. ഏലിയാസ് എന്നിവർ അംഗങ്ങളാണ്.

വി.സി ഗവർണറെ കണ്ടു

  • കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് അടച്ചിടാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് വി.സി ഡോ. പി. രവീന്ദ്രൻ ഇന്നലെ തൃകൂരിൽ വച്ച് ഗവർണറെ കണ്ടു ചർച്ച നടത്തി.
  • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നടന്ന സംഘർഷവും സാഹചര്യങ്ങളും വി.സി ഗവർണറെ ധരിപ്പിച്ചു.
  • ഗവർണറുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് വി.സി തിരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഉത്തരവിട്ടത്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL