മലപ്പുറം: ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും ലഭ്യമാക്കുക ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷിയൊരുങ്ങുന്നത് 909.65 ഏക്കർ സ്ഥലത്ത്. 803.4 ഏക്കറിൽ പച്ചക്കറിയും 106.25 ഏക്കറിൽ പൂക്കൃഷിയുമാണ് ഒരുക്കുന്നത്. ജില്ലയിലെ കുടുംബശ്രീയുടെ വിവിധ സി.ഡി.എസുകളിലായി 4,242 കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓണത്തിനാവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുന്ന 'ഓണക്കനി' പദ്ധതി ആരംഭിച്ചിട്ടുള്ളത്. 1,068 സംഘകൃഷി ഗ്രൂപ്പുകൾ വഴി പയർ, വെണ്ട, പടവലം, നേന്ത്രക്കായ, ചേന, വഴുതന, മുളക്, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങി സദ്യയ്ക്കാവശ്യമായ പച്ചക്കറികളെല്ലാം കൃഷി ചെയ്യുന്നുണ്ട്. നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്നത്. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സി.ഡി.എസ് വഴിക്കടവാണ്, 102 ഏക്കർ.
നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കുക ലക്ഷ്യമിട്ടുള്ള 'നിറപ്പൊലിമ' പദ്ധതിയിലൂടെ 106.25 ഏക്കർ സ്ഥലത്താണ് പൂക്കൃഷി ചെയ്യുന്നത്. 419 സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,625 കുടുംബശ്രീ അംഗങ്ങളാണ് പൂക്കൃഷി ആരംഭിച്ചത്. ജമന്തി, മല്ലിക, വാടാമല്ലി തുടങ്ങി നിരവധി പൂക്കളാണ് കൃഷി ചെയ്യുന്നത് . പെരുമ്പടപ്പ്, പൊന്നാനി, താനൂർ ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ പൂക്കൃഷി ചെയ്യുന്നത്. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സി.ഡി.എസ് വള്ളിക്കുന്നിലാണ്, നാലേക്കർ. തവനൂരിൽ 3.5 ഏക്കറിലും വെളിയങ്കോട്, അമരമ്പലം, എടവണ്ണ, ചെറിയമുണ്ടം സി.ഡി.എസുകളിൽ മൂന്നേക്കറിലുമാണ് കൃഷി ചെയ്യുന്നത്.
ആഗസ്റ്റിൽ വിളവെടുപ്പ് നടക്കും. നിലവിൽ നടീൽ ഘട്ടത്തിലാണ്. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
മൻഷൂബ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ
2025..................................... 2026
ഓണക്കനി---- 830.45 ഏക്കർ ----803.4 ഏക്കർ
1,006 സംഘക്കൃഷി ഗ്രൂപ്പുകൾ--- 1068 സംഘക്കൃഷി ഗ്രൂപ്പുകൾ
നിറപ്പൊലിമ----- 189.85 ഏക്കർ---- 106.25 ഏക്കർ
366 സംഘക്കൃഷി ഗ്രൂപ്പുകൾ---419 സംഘക്കൃഷി ഗ്രൂപ്പുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |