ഗോവിന്ദാപുരം സ്വദേശി പിടിയിൽ വ്യാജ ലോട്ടറി നിർമ്മാണവും സംശയനിഴലിൽ
മുതലമട: സംസ്ഥാനത്ത് നിയമാനുസൃതം വിൽക്കേണ്ട കേരള ഭാഗ്യക്കുറിയുടെ മറവിൽ കോടികളുടെ അനധികൃത ലോട്ടറി കച്ചവടം നടത്തിയ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. മുതലമട ഗോവിന്ദാപുരത്ത് തെങ്ങിൻ തോപ്പിനുള്ളിൽ ഒളിപ്പിച്ച് അനധികൃത ഓൺലൈൻ ലോട്ടറി കച്ചവടം നടത്തിയ ഗോവിന്ദാപുരം സ്വദേശി ഗൗതംരാജ് ആണ് കൊല്ലങ്കോട് പോലീസിന്റെ പിടിയിലായത്. മുതലമടയിലും തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും കേരള ലോട്ടറിയുടെ അനധികൃത വിൽപ്പന തകൃതിയാണെന്നും 500ലധികം കേന്ദ്രങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേരള കൗമുദി കഴിഞ്ഞ ആഴ്ച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങൾ വഴി കോടികളുടെ കച്ചവടം നടക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയുടെ ഭാഗമായാണ് ഗൗതംരാജ് പിടിയിലായത്. ഗോവിന്ദാപുരത്ത് ശെൽവരാജ് എന്നയാളുടെ ആളൊഴിഞ്ഞ തെങ്ങിൻ തോപ്പ് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നത്. പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മനഃപൂർവ്വം തോപ്പിനുള്ളിൽ ഷെഡ് കെട്ടിയാണ് കച്ചവടം നടത്തിയിരുന്നത്. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നൂറുകണക്കിന് കേരള ലോട്ടറി ടിക്കറ്റുകൾ, അക്കൗണ്ട് ബുക്കുകൾ, മൊബൈൽ ഫോണുകൾ, ഓൺലൈൻ ലോട്ടറി കച്ചവടത്തിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
കോടികളുടെ തട്ടിപ്പ്; വ്യാജനും സംശയത്തിൽ.
പ്രതി ദിവസേന ലക്ഷങ്ങളുടെ കച്ചവടം നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കഴിഞ്ഞ മാസങ്ങളിൽ മാത്രം കോടികളുടെ അനധികൃത കച്ചവടം നടന്നിട്ടുണ്ടെന്നാണ് സൂചന. ഒറിജിനൽ കേരള ലോട്ടറി ടിക്കറ്റിന്റെ നമ്പർ വെച്ച് ഒരേ ടിക്കറ്റ് പലർക്കായി ഫോട്ടോകോപ്പി എടുത്ത് വിൽക്കുന്ന തട്ടിപ്പും നടത്തിയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രധാനമായും ഈ തട്ടിപ്പ്. ചെറിയ സമ്മാനം കിട്ടുന്നവർക്ക് പണം നൽകി വിശ്വാസം നേടിയ ശേഷം വലിയ സമ്മാനം അടിക്കുമ്പോൾ മുങ്ങുന്നതാണ് രീതി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കൊല്ലങ്കോട് പോലീസ് അറിയിച്ചു. ഓണക്കാലം മുന്നിൽ കണ്ട് തമിഴ്നാട് അതിർത്തി പ്രദേശമായ മുതലമട, ഗോവിന്ദാപുരം, ചെമ്മണാംപതി, മീനാക്ഷിപുരം ചെക്കപോസ്റ്റ് പ്രദേശങ്ങൾ ലോട്ടറി മാഫിയകൾ പൂർണ്ണമായും കൈയടക്കിയിരിക്കുകയാണ്.
ഫോട്ടോ: ഗൗതംരാജ്, ശെൽവരാജ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |