തിരുവല്ല : കുട്ടികളുടെ കളിക്കോപ്പുകളും വർണചിത്രങ്ങളുമെല്ലാം തുരുമ്പെടുത്തു നശിച്ചു. പ്രവേശകവാടത്തിലെ ആർച്ച് മരംവീണ് നിലംപൊത്തി, വെളിച്ചത്തിനായി ഉപയോഗിച്ചിരുന്ന സോളാർ പാനലുകളും തകരാറിലായി. ചുറ്റുപാടും അടച്ചുകെട്ടിയ പാർക്ക് കാട്ടിലൊളിച്ചു. അകത്തേക്ക് കയറാൻ പോലും ആകാത്തവിധം കാടുകയറി. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ കരിയിലയും ചെളിവെള്ളവും. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പാർക്കിനുള്ളിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും നശിച്ചുതുടങ്ങി. കൊതുകും കൂത്താടികളും പെരുകി. ആളനക്കമില്ലാതെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. ഭൂതത്താന്റെ കോട്ടപോലെ ആരിലും ഭീതി ജനിപ്പിക്കും മനയ്ക്കച്ചിറയിലെ ഈ പാർക്ക്. അവഗണനയുടെ അടയാളമായിരിക്കുന്ന പാർക്ക് അടുത്തിടെ പീഡനക്കേസിലും ഇടംതേടി. കവിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മനക്കച്ചിറയിൽ ഒരുക്കിയ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്.
എല്ലാം വിസ്മൃതിയിൽ
സന്മനസുള്ള ചിലർ കളിക്കോപ്പുകൾ പലതും സ്പോൺസർ ചെയ്യുകയായിരുന്നു. തറയിൽ ഭംഗിയായി കല്ലുവിരിച്ചു ഭിത്തികളിൽ വർണ്ണ ചിത്രങ്ങളുമായി ആകർഷകമായിരുന്ന പാർക്ക് സമീപവാസികൾക്കും ഉപകാരപ്പെട്ടിരുന്നു. നാട്ടുകാരെ കൂടാതെ വിദൂരങ്ങളിൽ നിന്നുപോലും കുട്ടികളുമായി കുടുംബസമേതം ആസ്വദിക്കാൻ പാർക്കിൽ ഒട്ടേറെപ്പേർ എത്തിയിരുന്നു. ടി.കെ.റോഡിന്റെ സമീപത്തായതിനാൽ പാർക്കിലേക്ക് എത്തിച്ചേരാനും എളുപ്പമായിരുന്നു. എന്നാലിപ്പോൾ ഇതെല്ലാം വെറും ഓർമ്മകൾ മാത്രമായി.
പരിപാലനമില്ല
പത്ത് വർഷങ്ങൾക്ക് മുമ്പ് നാല് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്കിന്റെ നാശത്തിന് കാരണം പരിപാലനമില്ലാത്തതാണ്.
2018ലെ പ്രളയത്തിൽ മുങ്ങിയതോടെ തകർച്ച ആരംഭിച്ചു. ചെളികയറി കളിക്കോപ്പുകളും മറ്റും നശിച്ചു. പൂർണമായും തകർച്ചയിലായ പാർക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തി 2024ൽ വീണ്ടും തുറന്നു. സ്വകാര്യ വ്യക്തിക്ക് കരാർ നൽകി. എന്നാൽ ആവശ്യമായ പരിപാലനമില്ലാതെ വീണ്ടും പഴയപടിയായി. ഇപ്പോൾ പാർക്ക് സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
പാർക്ക് നിർമ്മിച്ചത് കവിയൂർ പഞ്ചായത്ത്,
പദ്ധതി ചെലവ് : 4 ലക്ഷം രൂപ
മനയ്ക്കച്ചിറ പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കും. പാർക്ക് നവീകരണം ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഗീത അപ്പുക്കുട്ടൻ
(കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |