SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

വടശേരിക്കര റേഞ്ചിൽ ഫെൻസിംഗ് നിർമ്മാണം തുടങ്ങി, മനുഷ്യ - വന്യമൃഗസംഘർഷം; പ്രതിരോധം ഒരുങ്ങുന്നു

fencing

പത്തനംതിട്ട : വന്യമൃഗശല്യം രൂക്ഷമായ വടശ്ശേരിക്കര റേഞ്ചിലെ വനാതിർത്തിയിൽ പ്രതിരോധവുമായി വനംവകുപ്പ്. സോളാർ ഫെൻസിംഗ്, നിരന്തര നിരീക്ഷണം, അലാംടൈപ്പ് മെഷീൻ എന്നിവയൊരുക്കി വന്യജീവി ശല്യത്തിന് തടയിടാനാണ് ശ്രമം.

ഒളികല്ല് മുതൽ അരീക്കകാവ് വരെയുള്ള എട്ടു കിലോമീറ്റർ വനാതിർത്തിയിൽ താത്കാലിക സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന പണികൾ തുടങ്ങി. നബാർഡിന്റെ സഹായത്തോടെ ഫുൾ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുന്നോടിയായിട്ടാണ് സിംഗിൾ ലൈൻ നിർമ്മാണം.

ആനയും പുലിയും കാട്ടുപോത്തും പന്നിയും ഉൾപ്പടെയുള്ള വന്യജീവികൾ ജനവാസമേഖലയിലിറങ്ങി മനുഷ്യനെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നതും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവായതോടെ പഴകുളം മധു.എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം വനംമന്ത്രി പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും ചർച്ച നടത്തിയതിനെ തുടർന്നാണ് ഘട്ടംഘട്ടമായി പരിഹാര നടപടികൾ ആരംഭിച്ചത്.

നിരന്തര നിരീക്ഷണം

ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കാനും അവയെ വനത്തിലേക്ക് തിരികെ അയയ്ക്കാനുമാണ് നിരന്തര നിരീക്ഷണം. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനജാഗ്രതാ സമിതി, പി.ആർ.ടി (പ്രൈമറി റെസ്‌പോൺസ് ടീം), റാന്നി ആർ.ആർ.ടി സ്റ്റാഫ്, ആദിവാസികൾ എന്നിവരെയും ഉൾപ്പെടുത്തി അഞ്ച് ടീമുകൾ രൂപീകരിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ ഈസംഘം രാപകൽ നിരീക്ഷണം നടത്തും.

അലാംടൈപ്പ് മെഷീൻ

മൃഗങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താൻ വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ഉപകരണമാണ് അലാംടൈപ്പ് മെഷീൻ (അനിഡേഴ്സ്). മൂന്ന് മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. മൃഗങ്ങൾ കാടിറങ്ങുന്ന വിവരം സന്ദേശങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിരീക്ഷണ സംഘത്തേയും അറിയിക്കും.

ആത്യാധുനിക നിരീക്ഷണം

സംസ്ഥാനത്ത് ആദ്യമായി വന്യജീവി നിരീക്ഷണത്തിന് ലൈവ് മോണിറ്ററിംഗ് സിസ്റ്റം പ്രയോജന പ്പെടുത്താൻ ഒരുങ്ങുകയാണ് വനംവകുപ്പ്. വനംവിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവകളെ കണ്ടെത്തുകയും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ അറിയിക്കുകയും സ്വയംപ്രവർത്തിച്ച് മൃഗങ്ങളെ കാടിനുള്ളിലേക്ക് കയറ്റിവിടാനുള്ള പ്രത്യേക ശബ്ദവും ഫ്ലാഷ് ലൈറ്റുകളും തെളിയിക്കുന്ന ഉപകരണമാണിത്. ഇത്തരം മൂന്നു മെഷീനാണ് പുതുതായി സ്ഥാപിക്കുന്നത്.

വടശ്ശേരിക്ക റേഞ്ചിലെ വനാതിർത്തി : 217 സ്ക്വയർ കി.മീ

ഫെൻസിംഗ് നിർമ്മാണത്തിന് അനുവദിച്ച തുക : 10ലക്ഷം

ലൈവ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വില : 12.3 ലക്ഷം

ഫെൻസിംഗ് നിർമ്മാണവും കൂടുതൽ ആധുനിക മെഷീനുകളും വനാതിർത്തിയിൽ സമയബന്ധിതമായി സ്ഥാപിക്കും. വന്യജീവികളെ വനത്തിനുള്ളിൽ നിലനിറുത്താനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കും.
ജി.എസ്.രഞ്ജിത്ത്

റേഞ്ച് ഓഫീസർ, വടശ്ശേരിക്കര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL