SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.51 AM IST

ആറ്റുകാലിലേക്ക് ഭക്തജന പ്രവാഹം,​ ധർമ്മശാസ്താവ് എഴുന്നള്ളി മടങ്ങി  നാളെ നട തുറക്കുന്നത് വൈകും

READ ENGLISH VERSION

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന്റെ അഞ്ചാം നാളായ ഇന്നലെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം. പാതിരാവോളം ഭക്തർ എത്തിയിരുന്നു. ഒപ്പം വിളക്ക്കെട്ട് ഘോഷയാത്രകളും. നാരങ്ങാ വിളക്ക് തെളിക്കാനും തിരക്കുണ്ടായിരുന്നു.

മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്നുള്ള ആചാരപരമായ എഴുന്നള്ളത്ത് ഇന്നലെ നടന്നു. ആറ്റുകാൽ ഭഗവതിയുടെ സോദരസ്ഥാനം വഹിക്കുന്ന മണക്കാട് ശാസ്താവിന്റ എഴുന്നള്ളത്ത് വൈകിട്ട് 4ഓടെ ആറ്റുകാൽ ക്ഷേത്ര നടയിലെത്തി. ഈ സമയം ക്ഷേത്ര നട അടഞ്ഞു കിടന്നു. ക്ഷേത്രത്തിനു മുന്നിൽ പ്രണാമമർപ്പിച്ച് ശാസ്താവ് പിറകുവശത്തു കൂടെ മടങ്ങി. കൊഞ്ചിറവിള തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്ത് നീണ്ടു. നട അടച്ചിരിക്കുന്നതിനാൽ സഹോദരിയെ കാണാത്തതിൽ പിണങ്ങിയാണ് ശാസ്താവ് മടങ്ങുന്നതെന്നാണ് വിശ്വാസം. പൊങ്കാല ദിവസം രാത്രി ആറ്റുകാൽ ഭഗവതിയുടെ ആനപ്പുറത്ത് എഴുന്നള്ളത്ത് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലാണ്. ഇത് സഹദോരന്റെ പിണക്കം മാറ്റാനാണ്.

ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ഭക്തരും ചേർന്നാണ് മണക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് വരവേല്പ് നൽകിയത്. ദേവിയുടെ ആഗ്രഹപ്രകാരം ചിലമ്പ് വിൽക്കാൻ പോയ കോവലനെ സ്വർണപ്പണിക്കാരൻ താൻ ചെയ്ത കുറ്റം മറച്ചുവയ്ക്കാനായി പാണ്ഡ്യരാജാവിന്റെ മുന്നിലെത്തിക്കുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടിൽ പാടിയത്. ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി രാജാവ് കോവലനെ വധിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. ഇതിന്റെ ദുഃഖസൂചകമായി നാളെ (ചൊവ്വ) നട തുറക്കുന്നത് വൈകും. രാവിലെ 7നാണ് ക്ഷേത്രനടതുറക്കുന്നത്. നിർമാല്യം,അഭിഷേകം, മറ്റ് പൂജകൾ എന്നിവയുടെ സമയത്തിലും മാറ്റമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL