SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ജോസ് കെ. മാണി കേരളകൗമുദിയോട്:.... പാലാ തിരിച്ചു പിടിക്കും, പിണറായി വീണ്ടും വരും

ss

കോട്ടയം: എൽ.ഡി.എഫിലെത്തിയ ശേഷം എല്ലാ വിഷയത്തിലും സർക്കാരിന് പൂർണ പിന്തുണയാണ് കേരള കോൺഗ്രസ് എം നൽകുന്നത്. മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടി ചെയർമാൻ ജോസ് കെ. മാണി കെ.എം. മാണിയുടെ മരണശേഷം നഷ്ടമായ പാലാ മണ്ഡലം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ്. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഉന്നയിച്ച ആവശ്യങ്ങളെല്ലാം പിണറായി സർക്കാർ നടപ്പാക്കിയെന്നാണ് ജോസ് പറയുന്നത്. മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും ജോസ് കെ. മാണി കേരളകൗമുദിയോട് പറഞ്ഞു.

 പാലാ എങ്ങനെ തിരിച്ചു പിടിക്കും ?

കെ.എം. മാണി അരനൂറ്റാണ്ടിലേറെക്കാലം കൈവെള്ളയിൽ വച്ച പാലാ ലോകമെമ്പാടുമുള്ള മലയാളികൾ അടയാളപ്പെടുത്തിയ പ്രദേശമായിരുന്നു. എന്തു വികസനവും ആദ്യം വന്നത് പാലായിലായിരുന്നു. എന്നാൽ പാലായുടെ പെരുമ നഷ്ടപ്പെട്ട അഞ്ചു വർഷമാണ് കടന്നു പോയത്. കെ.എം. മാണിയുടെ തുടർച്ചയെന്നു പറയാവുന്ന പുതിയ ഒരു പദ്ധതിയുമില്ല. പാതി വഴിയിൽ നിലച്ച പദ്ധതികളുടെ പൂർത്തികരണമില്ല. വികസനം വഴിമുട്ടിയ പാലായെ പഴയ സുവർണകാലത്തേക്ക് കൊണ്ടു പോകാൻ ജനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

 തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞാണല്ലോ മാണി സി. കാപ്പൻ വോട്ട് തേടുന്നത് ?

ജയസാദ്ധ്യത ഇല്ലെന്നു മനസിലാക്കിയാകാം അവസാന മത്സരമെന്നു പറയുന്നത്. പാലായിൽ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് പാതി കുറഞ്ഞു. യു.ഡി.എഫ് - ബി.ജെ.പി ഡീലായിരുന്നു കാരണം.

 എം.എൽ.എയായാൽ എം.പി സ്ഥാനം രാജിവയ്ക്കേണ്ടി വരുമല്ലോ ? പകരം ഭാര്യ നിഷയെ രാജ്യസഭാ എം.പി സ്ഥാനത്തേക്ക് പരിഗണിക്കുമോ ?

ഒരിക്കലുമില്ല.

 രാജ്യസഭാ സീറ്റ് സി.പി.എമ്മിന് വിട്ടു കൊടുക്കുമോ ?

കേരളാകോൺഗ്രസ് എം പ്രതിനിധി ഉണ്ടാകും

 പാർട്ടി 13 സീറ്റ് ആവശ്യപ്പെട്ടിട്ട് 12ൽ ഒതുങ്ങേണ്ടി വന്നല്ലോ ?

13 ചോദിച്ചിരുന്നു. 12 സീറ്റിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പിന്റെ രണ്ട് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതുപോലെ ഞങ്ങളുടെ സീറ്റൊന്നും സി.പി.എം എടുത്തിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റു തന്നു.

 ഇടതു സർക്കാർ മൂന്നാമതും വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതിന് എന്താണടിസ്ഥാനം ?

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയെന്നു പറയുമ്പോഴും രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തുകൾ ഏഴുവീതം ഇരുമുന്നണികളും പിടിച്ചതു തന്നെ എൽ.ഡി.എഫിന്റെ ശക്തയുടെ തെളിവാണ്. ‌ക്ഷേമ പദ്ധതികളും വികസന പദ്ധതികളുമായി ആറ് മാസത്തിനുള്ളിൽ വലിയ മുന്നേറ്റം എൽ.ഡി.എഫിനു ഉണ്ടാക്കാനായി. ‌ഞാൻ നയിച്ച മദ്ധ്യമേഖലാ വികസന യാത്രയിൽ ജനങ്ങളുടെ മനോഭാവം ആവേശം പകരുന്നതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL