
തിരുവനന്തപുരം: ചില കരാറുകാർ തങ്ങൾക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ പ്രത്യേക തസ്തികകളിൽ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം ശുപാർശകൾ വിലപ്പോകില്ലെന്നും മേയർ വി.വി.രാജേഷ്. കരാറുകാരുടെ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
നാട് ഭരിക്കാൻ ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ജനപ്രതിനിധികളെയാണ് കരാറുകാരെയല്ല. ജൂണിൽ ടെൻഡർ പൂർത്തിയാകുന്ന പ്രവൃത്തികൾ അടുത്ത വർഷത്തെ മാർച്ചിലേക്കും അതിനുശേഷമുള്ള മാസങ്ങളിലേക്കും നീട്ടിക്കൊണ്ടുപോകുന്ന പതിവ് പ്രവണത ഇനി അനുവദിക്കില്ല.
ചെറിയ തുക കാണിച്ച് ടെൻഡർ പിടിക്കുകയും പിന്നീട് പണി കൃത്യസമയത്ത് ചെയ്യാതെ നീട്ടിവച്ച് കോർപ്പറേഷനെക്കൊണ്ട് തുക കൂട്ടി വാങ്ങിക്കുകയും ചെയ്യുന്ന ചില കരാറുകാരുടെ തന്ത്രങ്ങൾ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില പ്രത്യേക കരാറുകാർ മാത്രം നഗരസഭയിലെ പണികൾ കുത്തകയാക്കി വച്ചിരിക്കുന്ന അവസ്ഥ മാറണം. ചില ഉദ്യോഗസ്ഥരെ കണ്ട് ഭരണം നടത്താമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും മേയർ വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ്!
കരാറുകാർ പണി പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുമ്പോൾ മനപ്പൂർവം 'ക്ലറിക്കൽ മിസ്റ്റേക്ക് ' വരുത്തി അവരെ വട്ടംചുറ്റിക്കുന്ന ചില ക്ലർക്കുമാരുടെ നടപടികൾ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് നമ്പറുകളിലെ അക്കങ്ങൾ മാറ്റി എഴുതിയും ബില്ലുകൾ വെെകിക്കുന്ന ഉദ്യോഗസ്ഥർക്ക് കോർപ്പറേഷനിൽ സീറ്റുണ്ടാവില്ലെന്ന് മേയർ മുന്നറിയിപ്പ് നൽകി. ഇക്കാര്യങ്ങളിൽ ഇതിനോടകം വീഴ്ച വരുത്തിയ ഒരു കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും, ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ഒരു ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്ത കാര്യം മേയർ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |