SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

മുതലപ്പൊഴിയിലെ അപകടം ; രണ്ടുപേരെയും കണ്ടെത്താനായില്ല

shijin

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലിൽ വീണ യുവാക്കളെ ഇന്നലെയും കണ്ടെത്താനായില്ല. അഞ്ചുതെങ്ങ് കൊച്ചു മേത്തൻകടവ് സ്വദേശികളായ ഷെക്കേന ഭവനിൽ ഷിജിൻ (32),കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ (28) എന്നിവരെ വെള്ളിയാഴ്ചയാണ് കാണാതായത്.

അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്,സ്മിത്ത് എന്നിവരടങ്ങുന്ന നാലംഗ സംഘം വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് മത്സ്യബന്ധനത്തിന് പോയത്. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷിജിൻ തിരികെ മടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്.

പുറം കടലിൽ വച്ച് കൊല്ലം ഭാഗത്ത് ശക്തമായ കാറ്റ് വീശുന്നുണ്ടെന്നും കാറ്റ് മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നും സുഹൃത്തുക്കൾ വഴി വിവരം ലഭിച്ചിരുന്നു. തുടർന്ന് മത്സ്യബന്ധനം മതിയാക്കി കരയിലേക്ക് കയറാനായി അഴിമുഖത്ത് എത്തിയപ്പോഴാണ് തിരയിൽപ്പെട്ട് വള്ളത്തിൽ നിന്ന് തെറിച്ച് ഷിജിൻ കടലിൽ വീണത്. ഇയാളെ രക്ഷപ്പെടുത്താനായാണ് ഫ്രീമോൻ ചാടിയത്. പെരുമാതുറ പുലിമുട്ടിന് സമീപത്തുവരെ ഇരുവരും നീന്തിയെത്തിയെങ്കിലും തുടർന്നുണ്ടായ മറ്റൊരു ശക്തമായ തിരയിൽ കാണാതാവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വെള്ളിയാഴ്ച രാത്രിയോടെ കോസ്റ്റൽ പൊലീസും ഫിഷറീസ് വാർഡന്മാരും തെരച്ചിൽ ആരംഭിച്ചെങ്കിലും ശക്തമായ കാറ്റും മഴയും കടലാക്രമണവും സാരമായി ബാധിച്ചു. രക്ഷാപ്രവ‌‌ർത്തനം വൈകിയെന്ന് ആരോപിച്ച് ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ തീരദേശ പാതയും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനും ഉപരോധിച്ചെങ്കിലും സംഘടനാ നേതാക്കളും ഇടവക വികാരികളും രമ്യ ഹരിദാസ് എം.എൽ.എയുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. പിന്നീട് കോസ്റ്റൽ ഗാർഡ് കപ്പൽ,നേവി ഹെലികോപ്റ്റർ തുടങ്ങിയവ എത്തിച്ചേരുന്നതിൽ കാലതാമസം വന്നതോടെ പ്രതിഷേധക്കാർ രാവിലെ 10.30ന് തീരദേശപാത വീണ്ടും ഉപരോധിച്ചു. മുഖ്യമന്ത്രിയുമായും ഫിഷറീസ് വകുപ്പ് മന്ത്രിയുമായും എം.എൽ.എ നേരിട്ട് സംസാരിച്ചതിനെ തുടർന്ന് ഉച്ചയോടെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ,നാവികസേനയുടെ ഹെലികോപ്ടർ,പൊലീസ് ഡ്രോൺ എന്നിവയെത്തി തെരച്ചിൽ നടത്തി.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നലത്തെ തെരച്ചിൽ നേരത്തെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. ദുരന്ത നിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ അതുൽ എസ്.നാഥ് മുതലപ്പൊഴിയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL