മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: എൽഎൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ പിഴവുണ്ടെന്നാരോപിച്ച് കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യൂണിവേഴ്സിറ്രി കോളേജിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സർവകലാശാല ആസ്ഥാനത്തിന് മുന്നിലെത്തിയപ്പോൾ പ്രവർത്തകരെ പൊലീസ് തടഞ്ഞു.
ഇതിനിടെ പ്രവർത്തകർ മതിൽ ചാടിക്കടന്ന് സർവകലാശാലയിലേക്ക് കയറി. ജലപീരങ്കി പ്രയോഗിക്കുകയും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. പ്രവർത്തകർ പിന്നീട് സർവകലാശാല ആസ്ഥാനത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഘർഷത്തിൽ വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ചെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു.
ഗവ.ലാ കോളേജിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവുകളാണെന്നാണ് ആരോപണം. ബി.എ എൽഎൽ.ബി ഒന്നാം സെമസ്റ്ററിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 231 പേരിൽ 180 പേരുടെയും മാർക്ക് കൂടിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ആറാം സെമസ്റ്റർ പരീക്ഷയിൽ ആദ്യം പരാജയപ്പെടുത്തിയ 49 വിദ്യാർത്ഥികൾ പുനർമൂല്യനിർണയം നടത്തിയപ്പോൾ വിജയിച്ചെന്നും ഇവർ പറയുന്നു. രജിസ്ട്രാർ ആർ.രശ്മിയുമായി നടത്തിയ ചർച്ച വിജയമെന്നും മൂല്യനിർണയവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ 13ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ പ്രധാന അജണ്ടയായി അവതരിപ്പിക്കാമെന്ന ഉറപ്പ് നൽകിയെന്നും ശിവപ്രസാദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |