പുൽപ്പള്ളി: വയനാടിന്റെ ചരിത്രത്തിലും പുൽപ്പള്ളി പഴശ്ശിരാജ കോളേജിന്റെ മണ്ണിലും ഒരിക്കലും മായാത്ത ചോരക്കറ പുരണ്ട ഓർമ്മയാണ് 1983 ജൂലൈ 6. വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾക്കായി ആരംഭിച്ച സമരം ഒടുവിൽ പൊലീസ് വെടിവെപ്പിലും കലാപത്തിലും കലാശിച്ച ആ കറുത്ത ദിനത്തിന് ഇന്ന് 43 വർഷം തികയുന്നു. പഴശ്ശിരാജ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനവും ഭരണസമിതിക്കെതിരെയുള്ള ചില ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരത്തിന്റെ തുടക്കം. ദിവസങ്ങളോളം പുൽപ്പള്ളിയിൽ നടന്നുവന്ന ഈ സമരം ജൂലൈ ആദ്യവാരത്തോടെ കൂടുതൽ ജനകീയമായി മാറി. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണയുമായി നാട്ടുകാരും വ്യാപാരികളും കൂടി രംഗത്തിറങ്ങിയതോടെ സമരം ഒരു ജനകീയ പ്രക്ഷോഭത്തിന്റെ രൂപം കൈക്കൊണ്ടു.
ചോരയിൽ മുങ്ങിയ ജൂലൈ 6
1983 ജൂലൈ 6ന് പുൽപ്പള്ളി ടൗണിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത വലിയൊരു പ്രതഷേധ പ്രകടനം നടന്നു. ടൗണിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആദ്യം ലാത്തിച്ചാർജ്ജ് നടത്തുകയും പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ പൊലീസും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ ടൗണിലെ സ്ഥിതിഗതികൾ പൂർണ്ണമായും കൈവിട്ടുപോയി. ഒടുവിൽ, പ്രകോപിതരായ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഈ വെടിവെപ്പിൽ നിരവധി പേർക്ക് വെടയേറ്റു. പുൽപ്പള്ളി പുത്തൻ പുരയ്ക്കൽ പൗലോസിന്റെയും, നെല്ലാട്ടു കുടിയിൽ വർഗ്ഗീസിന്റെയും ജീവൻ പൊലിഞ്ഞു. ഇടുക്കി സ്വദേശിയായ ഒരാൾക്കും വെടിയേറ്റതായും മരിച്ചതായും പറയുന്നു എങ്കിലും പൊലീസിന്റെ അഴിഞ്ഞാട്ടം മൂലം പൊതുജനത്തിന് പുറത്തിറങ്ങാൻ അന്വേഷിക്കാനോപോലും സാധിച്ചിരുന്നില്ല. അന്ന് ഗുരുതരമായി നിരവധി പേർക്കാണ് പരിക്കേറ്റത്. മുള്ളൻകൊല്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എൻ. സുബ്രഹ്മണ്യന് അടക്കം കാലിന് വെടയേറ്റു. പുൽപ്പളളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പൊലീസ് അഴിഞ്ഞാടി മാസങ്ങളോളം പൊതുജനത്തിന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ല.
ഭീതിയുടെ നിഴലിൽ ഒരു നാട്
വെടിവെപ്പിനെത്തുടർന്ന് ദിവസങ്ങളോളം പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൻ പൊലീസ് സന്നാഹമാണ് അന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്തത്. സംഘർഷാവസ്ഥയെത്തുടർന്ന് കോളേജ് താൽക്കാലികമായി അടച്ചടേണ്ടി വന്നു. വിദ്യാർത്ഥി സമരത്തിന് നേരെ നടന്ന ഈ ക്രൂരമായ പൊലീസ് നടപടി അക്കാലത്ത് കേരള നിയമസഭയിലടക്കം വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
മായാത്ത ഓർമ്മകൾ
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും, പഴശ്ശിരാജ കോളേജിന്റെ ചരിത്രം പറയുമ്പോൾ ജൂലൈ 6ലെ ആ വെടിയൊച്ചകളുടെ ഓർമ്മ പുൽപ്പള്ളിക്കാരുടെ മനസ്സിൽ ഇന്നും വിങ്ങുന്ന ഒരു നോവായി അവശേഷിക്കുന്നു.
യുവാവായ തേക്കുംകാട്ടിൽ കുരുവിളയ്ക്ക് തന്റെ കൈ നഷ്ടപ്പെട്ടിട്ടും 500 രൂപ മാത്രമാണ് സർക്കാർ സഹായമായി ലഭിച്ചതെന്നും കുരുവിശ സങ്കടത്തോടെ ഓർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |