മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു
കൽപ്പറ്റ: ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ പ്രവർത്തങ്ങൾ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അവലോകനം ചെയ്തു. ടൗൺഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിർമ്മാണം വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ നിർദേശം നൽകി. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ് ശുചിമുറികൾ, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കും. ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തും കൽപ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകൾക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ടൗൺഷിപ്പിലെ റോഡിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തതായും മഴ ശക്തിപ്രാപിക്കുമ്പോൾ ആവശ്യമെങ്കിൽ മറ്റ് നടപടികൾ സ്വീകരിച്ച് ചെളി നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചൂരൽമലയിൽ പാലം നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാൻ തീരുമാനമായതായും സർക്കാർ അനുമതി ആവശ്യമെങ്കിൽ പ്രത്യേകം പരിഗണന നൽകി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പുഞ്ചിരിമട്ടത്തെ പാലം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |