SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഹോർമുസ് പ്രതിസന്ധി : ചർച്ചയിലെന്ന് ട്രംപ്; ഇല്ലെന്ന് ഇറാൻ

trump

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പേരിൽ ഇറാന് നേരെ വാളെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളും ചർച്ചയിലാണെന്ന് നിലപാട് തിരുത്തി. രണ്ട് ദിവസമായി ഇറാനുമായി ചർച്ച നടത്തുകയാണെന്നാണ് ട്രംപിന്റെ അവകാശവാദം. അതേസമയം യുദ്ധ ലക്ഷ്യങ്ങൾ കൈവരിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ എണ്ണ വില കുറയുകയും ഓഹരികൾ മെച്ചപ്പെടുകയും ചെയ്തിരുന്നു.

അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളെയോ പവർ പ്ലാന്റുകളെയോ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പു നൽകി. സമാധാന കരാറിലെത്തിയാൽ ഹോർമുസ് ഉടൻ തുറക്കും. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളെ നശിപ്പിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയത്. ഈ സമയപരിധി ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 05.14ന് അവസാനിക്കാനിരിക്കെ, ഇന്നലെ വൈകിട്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് നിലപാട് മാറ്റിയത്.

ചർച്ച മികച്ചതും ഫലപ്രദവുമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഒരാഴ്ച തുടരുമെന്നും വ്യക്തമാക്കി. അഞ്ച് ദിവസത്തിനുള്ളിൽ കരാറിലെത്താൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നെന്നും സൂചിപ്പിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്.

വെടിനിറുത്തൽ അരികെ
തന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറേഡ് കുഷ്നറും (ട്രംപിന്റെ മരുമകൻ) ഇറാൻ ഉദ്യോഗസ്ഥരുമായി ഞായറാഴ്ച രാത്രി സംസാരിച്ചെന്നും പ്രധാന ധാരണകളിലെത്തിയെന്നും ട്രംപ്. ഇറാൻ ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാണെന്നും വാദം. ഈജിപ്റ്റ്, തുർക്കി, പാകിസ്ഥാൻ എന്നിവയുടെ പ്രതിനിധികൾ മദ്ധ്യസ്ഥരായെന്ന് അമേരിക്കൻ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360