
നെടുമ്പാശേരി: ഓണക്കാലത്തെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കാർഗോ കയറ്റുമതിയിൽ ഇക്കുറി വൻ വർദ്ധന. ആഗസ്റ്റ് 17 മുതൽ 23 വരെയായി 1,678 മെട്രിക് ടൺ കാർഗോ കയറ്റുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1,173 മെട്രിക് ടണ്ണും വേഗത്തിൽ കേടാവുന്നവയാണ്. നേന്ത്രപ്പഴം, ചെറിയ ഉള്ളി, ബീൻസ്, പീച്ചിങ്ങ, മുരിങ്ങക്കായ, കോവയ്ക്ക, വിവിധ പഴവർഗങ്ങൾ, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് കയറ്റുമതിയിൽ ഭൂരിഭാഗവും. തിരുവോണമാകുന്നതോടെ കയറ്റുമതി ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് 260 മെട്രിക് ടൺ, നാളെയും മറ്റെന്നാളും 300 മെട്രിക് ടൺ വീതവും, തുടർന്ന് 23ന് 200 മെട്രിക് ടൺ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കയറ്റുമതി. കാർഗോ വഹിക്കുന്ന യാത്രാവിമാനങ്ങൾക്ക് പുറമേ, നാഷണൽ എയർലൈൻസ്, ഇൻഡിഗോ എന്നിവയുടെ പ്രത്യേക കാർഗോ വിമാനങ്ങൾ വഴിയും സിയാലിൽ നിന്ന് ചരക്ക് നീക്കം നടക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റ് മേഖലകളിലേക്കാണ് കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |