
കൊച്ചി: സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വിപണി സുരക്ഷിതമാക്കാനും അന്താരാഷ്ട്ര സുസ്ഥിരതാ അംഗീകാരങ്ങൾ സ്വന്തമാക്കാനുമായി സംസ്ഥാന ഫിഷറീസ് മേഖലയിൽ സമഗ്ര നയരൂപീകരണത്തിന് തുടക്കം. ശാസ്ത്രജ്ഞർ തയാറാക്കിയ 'കരട് കേരള സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ' തയ്യാറായി.
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, സമുദ്ര ഗവേഷണ സ്ഥാപനങ്ങൾ, കയറ്റുമതി രംഗത്തെ പ്രമുഖർ, അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞരാണ് കരട് മാനേജ്‌മെന്റ് പദ്ധതി തയാറാക്കിയത്. പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടിക്കുന്നത് തടയൽ, മീൻപിടുത്ത വലകളുടെ കണ്ണികളുടെ വലുപ്പം ക്രമീകരിക്കൽ, ശാസ്ത്രീയമായ ട്രോളിംഗ് നിയന്ത്രണങ്ങൾ എന്നിവയിലൂടെ കടൽസമ്പത്ത് വീണ്ടെടുക്കുകയാണ് ലക്ഷ്യം.
നിർണായകമായ മരീൻ സ്റ്റേവാർഡ്ഷിപ്പ് കൗൺസിൽ സർട്ടിഫിക്കേഷൻ ഒരു വർഷത്തിനകം കേരളത്തിലെ ചെമ്മീൻ, കണവ മേഖലകൾക്ക് സ്വന്തമാക്കാൻ പദ്ധതി വഴിയൊരുക്കും.
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സി.ഇ.ഒ ഡോ. കെ. എൻ. രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന പാനൽ ചർച്ചയിൽ ഫിഷറീസ് വകുപ്പ് ഡയറക്ടർ വി.ചെൽസാസിനി, ഐ.സി.എ.ആർ - സിഫ്ട് ഡയറക്ടർ ഡോ. ജോർജ്ജ് നൈനാൻ, കെ.എഫ്.സി.സി.എസ് ചെയർമാൻ എ. ജെ. തരകൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. വിനീത അരവിന്ദ്, ഡോ. വി. ആർ. മധു, ഡോ. അഞ്ജു, സേവ്യർ ലോറൻസ് (ഒടാക്ക്), വിവേക് ലോറൻസ്, പ്രേമചന്ദ്ര ഭട്ട് എന്നിവർ വിഷയാവതരണം നടത്തി.
വ്യാപാരികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ
നിലവാരം ഉറപ്പാക്കാൻ വിതരണ ശൃംഖല പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. മത്സ്യ വ്യാപാരികൾക്കും ഇടനിലക്കാർക്കുമായി ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
അനധികൃത മത്സ്യബന്ധനം തടയാൻ മൊബൈൽ ആപ്പും ഡിജിറ്റൽ ട്രോൾ ട്രാക്കിംഗും നടപ്പിലാക്കും. ചെറുമീനുകൾ രക്ഷപ്പെടുന്ന തരം വലകൾ നിർബന്ധമാക്കും.
അമേരിക്കൻ വിപണിയിലെ പ്രതിസന്ധി പരിഹരിക്കും
അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി തടസ്സപ്പെടാതിരിക്കാൻ കടലാമകളെ സംരക്ഷിക്കുന്ന 'ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ' ട്രോൾ ബോട്ടുകളിൽ ഘടിപ്പിക്കുന്നത് വേഗത്തിലാക്കണമെന്നും യോഗം നിർദേശിച്ചു. പദ്ധതി അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിന് സി.എം.എഫ്.ആർ.ഐ, സി.ഐ.എഫ്.ടി, എം.പി.ഇ.ഡി.എ തുടങ്ങി വിവിധ ഏജൻസികളുമായി ധാരണാപത്രം ഒപ്പിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |