SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.40 PM IST

വ്യവസായ സ്ഥാപന പരിശോധന ഇനി സുതാര്യം, ഉദ്യോഗസ്ഥ കളി നടക്കില്ല

k-cis

 കെ-സിസ് പോർട്ടൽ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി നിർവഹിക്കും


തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാനും ഏകീകരിക്കാനും വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രീകൃത സംവിധാനം ആഗസ്റ്റ് ഒന്നിന് നിലവിൽ വരും. നാഷണൽ ഇൻഫോമാറ്റിക് സെന്റർ (എൻ.ഐ.സി) തയ്യാറാക്കിയ കെ-സിസ് (കേരള - സെൻട്രൽ ഇൻസ്‌പെക്‌ഷൻ സിസ്‌റ്റം) പോർട്ടൽ മുഖേനയാണ് പ്രവർത്തനമെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി പോർട്ടൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം എന്നീ അഞ്ചു വകുപ്പുകൾ ഈ സംവിധാനത്തിന്റെ ഭാഗമാവും. ഫയർ ഫോഴ്സ്, ആരോഗ്യം, ഭൂഗർഭ ജല അതോറിറ്റി എന്നീ വകുപ്പുകളും കൂട്ടിച്ചേർക്കും. പ്രവർത്തനം തുടങ്ങുംമുമ്പുള്ളത്, പതിവായി നടത്തുന്നത്, ജനങ്ങളുടെ പരാതി പ്രകാരമുള്ളത് എന്നിങ്ങനെ മൂന്നുതരത്തിലാണ് പരിശോധന. ഷെഡ്യൂൾ പോർട്ടൽ സ്വയം തയ്യാറാക്കും. പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധനയ്ക്കായി സംരംഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം.

പൊതുജന പരാതി അന്വേഷിക്കാൻ

വകുപ്പുതലവന്റെ അനുമതിവേണം

പൊതുജന പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്‌പെക്ടർ തുടർച്ചയായി രണ്ടുതവണ പരിശോധന നടത്തില്ല. പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥരെ പോർട്ടൽ സ്വയം തിരഞ്ഞെടുക്കും.

പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ സമർപ്പിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. സ്ഥാപനത്തിലെ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പരിശോധനാ റിപ്പോർട്ട് സംരംഭകന് കാണാം. ഡൗൺലോഡും ചെയ്യാം.

പരിശോധനാ അറിയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്, ഇ-മെയിൽ മുഖേന നൽകും. പരിശോധനയ്ക്കുശേഷം രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് പോർട്ടലിൽ പ്രസിദ്ധീകരിക്കും. പോർട്ടലിലേക്ക് സംരംഭകനും ബന്ധപ്പെട്ട വകുപ്പുകൾക്കും ലോഗിൻ ചെയ്യാം.

''സംരംഭകർക്ക് ആത്മവിശ്വാസം പകരുന്നതും ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതുമാണ് കെ-സിസ്. വ്യവസായ-വാണിജ്യ സംഘടനകളുമായി ചർച്ചചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പോർട്ടലിന് രൂപം നൽകിയത്""

പി. രാജീവ്,

വ്യവസായ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, P RAJEEV, EASE OF DOING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360