
ദുബായ്: കൂടുതൽ തൊഴിൽമേഖലകളിൽ കൂടി സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങി യുഎഇ. ഏറ്റവും ഒടുവിലായി നഴ്സിംഗ് മേഖലയിലാണ് സ്വദേശി നിയമനങ്ങൾ നടത്താൻ യുഎഇ ഒരുങ്ങുന്നത്. നഴ്സിംഗ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും തൊഴിൽ കൂടുതൽ ആകർഷകമാക്കി സ്വദേശികളെ എത്തിക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. രണ്ട് വർഷത്തിനുള്ളിൽ 1897 സ്വദേശികൾ നഴ്സിംഗ് ജോലി തിരഞ്ഞെടുത്തെന്നാണ് കണക്കുകൾ.
യുഎഇയിൽ ആകെയുള്ള നഴ്സുമാരിൽ 2.8 ശതമാനം മാത്രമാണ് സ്വദേശി നഴ്സുമാർ. നേരത്തെ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് കൂടുതൽ പ്രചാരണ പരിപാടികൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 2500 സ്വദേശി നഴ്സിംഗ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ആൺകുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. തുടക്കത്തിൽ രണ്ട് ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന ക്ലാസുകളിൽ ഇപ്പോൾ 300ൽ കൂടുതലുണ്ട്. ഇവരുടെ എണ്ണം കൂട്ടാനാണ് ശ്രമം.
സ്വദേശികളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ സർക്കാർ സംവിധാനമായ നാഫിസുമായി സഹകരിച്ചാണ് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. വിദേശികളായ നഴ്സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണൽ എണ്ണം നിയന്ത്രിക്കുന്നതിനും ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |