SignIn
Kerala Kaumudi Online
Thursday, 18 June 2026 7.54 PM IST

ഇലക്‌‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയ്ക്കും കേന്ദ്രത്തിനും തിരിച്ചടി, തിരിച്ചറിയൽ കോഡ് ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി സത്യവാങ്‌മൂലം നൽകാൻ നിർദേശം

READ ENGLISH VERSION
supreme-court

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസിൽ എസ് ബി ഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. കോടതി ആവശ്യപ്പെട്ടാലേ എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാവൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് നൽകാനും ഉത്തരവിട്ടു.

ഇലക്‌ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട് എസ് ബി ഐ നൽകിയത് അപൂർണമായ വിവരങ്ങളാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹ‌ർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലഭിച്ച സംഭാവനകളുടെ എല്ലാ വിവരങ്ങളും ഹാജരാക്കണമെന്ന് കോടതി എസ് ബി ഐയോട് നിർദേശിച്ചു. ബോണ്ടുകളുടെ തിരിച്ചറിയൽ നമ്പർ ഉൾപ്പെടെ പുറത്തുവിടണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് കേസിൽ തിരിച്ചറിയൽ നമ്പർ നൽകാൻ തയ്യാറാണെന്ന് എസ് ബി ഐ കോടതിയെ അറിയിച്ചു. ബോണ്ടുകൾ വ്യാജമല്ലെന്ന് എങ്ങനെ അറിയുമെന്ന് ചോദിച്ച കോടതി എല്ലാം വെളിപ്പെടുത്തി വ്യാഴാഴ്‌ചയ്ക്കുള്ളിൽ സത്യവാങ്‌മൂലം നൽകാൻ ബാങ്കിന് നിർദേശം നൽകി. എസ് ബി ഐ നൽകുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർദേശം നൽകിയത്.

ഇതിനിടെ കേസിൽ കക്ഷി ചേരാൻ വിവിധ വ്യവസായ സംഘടനകൾ അപേക്ഷ നൽകി. തിരിച്ചറിയൽ നമ്പർ പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വ്യവസായ സംഘടനകളെ ഇപ്പോൾ കേൾക്കാനാവില്ലെന്നാണ് കോടതി മറുപടി നൽകിയത്. വാദം കേട്ടസമയം എന്തുകൊണ്ട് വന്നില്ലെന്നും കോടതി ചോദിച്ചു. വ്യവസായ സംഘടനകൾക്കുവേണ്ടി മുതി‌ർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗിയാണ് ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ELECTORAL BOND CASE, AFFIDAVIT, SUPREME COURT, SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360