
ന്യൂഡൽഹി:വിദ്യാഭ്യാസമുള്ളവർ ഡിജിറ്റൽ അറസ്റ്ര് തട്ടിപ്പിനിരയാകുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി.
ഇത്രയധികം വാർത്തകൾ വരുമ്പോഴും തട്ടിപ്പുകാരുടെ കൈകളിൽ പെടുന്നല്ലോയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ആശങ്കപ്പെട്ടു.
വീഡിയോകോളിലൂടെ അറസ്റ്റ് ചെയ്യാനാവുമെന്ന് എന്തുകൊണ്ടാണ് വിശ്വസിക്കുന്നത്? മൊബൈൽ ഫോൺ എറിഞ്ഞുടച്ചാൽ രക്ഷപ്പെടുമെന്ന് കരുതുന്നവർ വരെയുണ്ട്. ഇരകൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? വിദ്യാസമ്പന്നർ തട്ടിപ്പിനിരയാകുന്നതുകണ്ട് അടുത്ത തലമുറ എന്താണ് പഠിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ബാങ്ക്ഉദ്യോഗസ്ഥർക്ക് പങ്ക്
ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ തട്ടിപ്പ് നടക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംശയകരമായ അക്കൗണ്ടുകളെ കണ്ടെത്തി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. നടപടിയെടുക്കാൻ ആവശ്യപ്പെടുമ്പോൾ,ബാങ്കുകളുമായി കൂടിയാലോചനയിലാണെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. വിഷയങ്ങൾ പരിശോധിച്ചു വരികയാണെന്നും ബാങ്ക് ജീവനക്കാരെയെല്ലാം കുറ്റപ്പെടുത്താനാവില്ലെന്നും
അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി പ്രതികരിച്ചു. ബാങ്കുകളുടെ വീഴ്ച കാരണം പണം നഷ്‌ടപ്പെടുമ്പോൾ, അക്കൗണ്ടുടമകൾക്ക് ബാങ്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്രിസ് മുന്നറിയിപ്പ് നൽകി. ബാങ്ക് ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ നടപടികളും നേരിടണം. അത്തരത്തിൽ ഉത്തരവിറക്കാനും മടിക്കില്ലെന്ന് സൂചന നൽകി. അസ്വാഭാവികഇടപാടുകളുളള അക്കൗണ്ടുകൾ മരവിപ്പിക്കണം. റിസർവ് ബാങ്ക് നവംബർ 30ഓടെ പുതിയ മാർഗരേഖ പുറത്തിറക്കുമെന്ന് കേന്ദ്രം അറിയിച്ചതോടെ വിഷയം അതിനുശേഷം പരിഗണിക്കാനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |