ന്യൂഡൽഹി: യമുനാ നദിയിലെ മലിനീകരണം പകുതിയായി കുറഞ്ഞെന്ന അവകാശവാദവുമായി ബിജെപി എംപി മനോജ് തിവാരി. വ്യാഴാഴ്‌ച സോണിയ വിഹാർ ഘട്ടിൽ യമുനയിൽ മുങ്ങിക്കുളിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. രേഖ ഗുപ്‌ത സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളാണ് മാറ്റത്തിന് കാരണമെന്നും ഇത്തവണ യമുനയിൽ ഛഠ് പൂജ നടത്താനാകുമെന്നും തിവാരി പറഞ്ഞു.
നദിയിലെ ചില ഭാഗങ്ങളിൽ ദേശാടനപക്ഷികൾ തിരിച്ചെത്തിയത് ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മുതലകൾ പോലും നദിയിൽ എത്തിയിട്ടുണ്ടാകാമെന്നും വൃത്തിയുള്ള ജലത്തിലാണ് അവ കാണപ്പെടുന്നതെന്നും തിവാരി പറഞ്ഞു. ഒന്നരവർഷത്തിനുള്ളിൽ നദിയുടെ പകുതിയോളം ശുദ്ധീകരിച്ച ബിജെപി സർക്കാർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശേഷിക്കുന്ന ഭാഗങ്ങളും വൃത്തിയാക്കുമെന്നും തിവാരി അവകാശപ്പെട്ടു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അദ്ദേഹം യമുനയിൽ മുങ്ങിക്കുളിക്കാൻ വെല്ലുവിളിച്ചു.
എന്നാൽ, ബിജെപിയുടെ അവകാശവാദങ്ങൾ തള്ളി എഎപി രംഗത്തെത്തി. പല്ല മുതൽ വസീറാബാദ് വരെയുള്ള ഭാഗം മാത്രമാണ് താരതമ്യേന ശുദ്ധമെന്നും വസീറാബാദ് മുതൽ ഓഖ്‌ല വരെയുള്ള 22 കിലോമീറ്റർ ഭാഗം കടുത്ത മലിനീകരണം നേരിടുന്നുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. മനോജ് തിവാരിയും ജലവിഭവ മന്ത്രി പർവേഷ് വർമ്മയും കാളിന്ദി കുഞ്ചിൽനിന്ന് യമുനാജലം കുടിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം, മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ യമുനയുടെ പല ഭാഗങ്ങളിലെയും ജലം കുളിക്കാൻ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നു. ഐടിഒയിൽ ബിഒഡി നില അനുവദനീയമായതിന്റെ ആറിരട്ടിയാണ്. ഐഎസ്ബിടിയിൽ ഫീക്കൽ കോളിഫോം അളവ് നിശ്ചിത പരിധിയുടെ 14 മടങ്ങുമാണ്. മലിനീകരണം കുറഞ്ഞിട്ടുണ്ടെങ്കിലും യമുന പൂർണമായും ശുദ്ധമായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 8,941 കോടി രൂപയുടെ 43 യമുനാ ശുദ്ധീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. 2029 മേയ് മാസത്തോടെ ഡൽഹിയിലൂടെ ഒഴുകുന്ന യമുനയുടെ ഭാഗം പൂർണമായും ശുദ്ധീകരിക്കുമെന്നാണ് ബിജെപി സർക്കാരിന്റെ വാഗ്‌ദാനം.
BJP MP Manoj Tiwari claims the Yamuna has become cleaner, but pollution data shows several stretches remain unsafe for bathing, triggering a political war between the BJP and AAP.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |