
ന്യൂഡൽഹി: ജുഡിഷ്യറിക്കെതിരെയുള്ള പരാമർശങ്ങളിൽ നിരുപാധികം മാപ്പുപറഞ്ഞ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയുൾപ്പെടെ പരാമർശം നടത്തിയതിൽ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുന്നതിൽ നീതിന്യായ വ്യവസ്ഥയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്ന് തിരിച്ചറിയുന്നു. ജുഡിഷ്യറിയോട് ബഹുമാനമാണുള്ളത്. പരസ്യമായി അഭിപ്രായം പറയുമ്പോൾ ജാഗ്രതയും സംയമനവും ആവശ്യമാണെന്ന് മനസിലാക്കുന്നതായും റൗത്ത് വ്യക്തമാക്കി. സുപ്രീംകോടതി ബാർ അസോസിയേഷൻ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലെ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നവംബർ 17ന് റൗത്ത് നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ,വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ഗ്യാനേഷ് വിഷയത്തിൽ
ഗുരുതര ആരോപണം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഹർജി നൽകിയവരിലൊരാളാണ് റൗത്ത്. ഈ വിഷയത്തിൽ 'ഇന്ത്യ" മുന്നണി നേതാക്കളെ കാണാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിലപാടിനോട് റൗത്ത് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ റൗത്തിനെതിരെ ഹർജി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |