ന്യൂഡൽഹി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ ഇതുവരെ പ്രഖ്യാപിക്കാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ഇതിനിടെ കഴിഞ്ഞവർഷം വ്യാപക പരാതികൾക്കിടയാക്കിയ ഓൺസ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം ഇത്തവണയും നടപ്പാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ വർഷം നടപ്പാക്കിയ ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരെ അദ്ധ്യാപകരിൽ നിന്നുൾപ്പെടെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിൽ പിഴവുകൾ സംഭവിച്ചതായും ചില ഉത്തരക്കടലാസുകൾ ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടില്ലെന്നമായിരുന്നു ആരോപണം. ഇത് സിബിഎസ്ഇയുടെ മൂല്യനിർണയ സംവിധാനത്തിനെതിരെ കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചത്.
ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം വരാൻ ഇരിക്കുന്ന പരീക്ഷകളിലും തുടരാനാണോ സിബിഎസ്ഇയുടെ തീരുമാനമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംവിധാനം തുടരുകയാണെങ്കിൽ അദ്ധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. എന്നാൽ ഇതുവരെ കാര്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി. ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യവാരത്തോടെയും പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഇപ്പോൾതന്നെ പഠനത്തിന്റെ അവസാനഘട്ടത്തിലേക്കും റിവിഷൻ പ്രവർത്തനങ്ങളിലേക്കും കടന്നിരിക്കുകയാണ്. ഈ തിരക്കിനിടയിൽ അദ്ധ്യാപകർക്ക് ഒഎസ്എം സംബന്ധിച്ച വിശദമായ പരിശീലനം നൽകാനും അതിനായി സമയം കണ്ടെത്താനും കഴിയുമോ എന്ന ആശങ്കയും ശക്തമാണ്.
കഴിഞ്ഞ വർഷം അദ്ധ്യാപകർക്ക് ഓൺസ്ക്രീൻ മാർക്കിംഗ് സംബന്ധിച്ച് മതിയായ പ്രയോഗിക പരിശീലനം ലഭിച്ചിരുന്നില്ല. അദ്ധ്യാപകരുടെ ഇമെയിലുകളിലേക്ക് മാതൃകാ ഉത്തരക്കടലാസുകൾ അയച്ചുനൽകി അതിലൂടെ മൂല്യനിർണയ രീതി പരിചയപ്പെടുത്തുന്നതായിരുന്നു പ്രധാനമായും ചെയ്തിരുന്നതെന്നാണ് വിമർശനം. എന്നാൽ, ഇത്തരം പരിശീലനം ഓൺസ്ക്രീൻ മൂല്യനിർണയത്തിലെ സങ്കീർണതകൾ മനസിലാക്കുന്നതിനും പ്രായോഗികമായി നേരിടേണ്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പര്യാപ്തമായിരുന്നില്ലെന്നാണ് ആക്ഷേപം. പരിശീലനത്തിലെ പോരായ്മകൾ മൂല്യനിർണയത്തെ ബാധിച്ചോയെന്ന കാര്യത്തിലും ചോദ്യങ്ങളുയർന്നിരുന്നു. ചില ഉത്തരക്കടലാസുകൾ ശരിയായ രീതിയിൽ മൂല്യനിർണയം നടത്തിയില്ലെന്ന പരാതികൾ പിന്നീട് ഉയർന്നതും ആശങ്ക വർദ്ധിപ്പിച്ചു.
അദ്ധ്യാപകർക്കുള്ള പരിശീലനത്തിലെ പോരായ്മകൾക്കൊപ്പം ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരങ്ങൾ എഴുതേണ്ടതെങ്ങനെയെന്ന് വിദ്യാർത്ഥികൾക്ക് വ്യക്തമായ മാർഗനിർദേശം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഉത്തരങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഘട്ടംഘട്ടമായുള്ള ഉത്തരങ്ങളുടെ മൂല്യനിർണയം, മാർക്ക് ലഭിക്കുന്നതിനാവശ്യമായ അവതരണരീതി തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വ്യക്തമായ നിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. മൂല്യനിർണയരീതിയിൽ മാറ്റമുണ്ടാകുമ്പോൾ അതിനനുസരിച്ച് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ തയ്യാറാക്കേണ്ടതുണ്ട്.
ജനുവരി അവസാനവും ഫെബ്രുവരി ആദ്യവാരവും പ്രാക്ടിക്കൽ പരീക്ഷകൾ നടക്കാനിരിക്കെ അദ്ധ്യാപകർക്ക് ഒഎസ്എം സംബന്ധിച്ച വിശദമായ പരിശീലനം നൽകുന്നതിനുള്ള സമയക്രമവും പ്രധാനമാണ്. ഈ കാലയളവിൽ സ്കൂളുകൾ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തവണയും ഒഎസ്എം നടപ്പാക്കുമെങ്കിൽ അദ്ധ്യാപകർക്ക് മതിയായ സമയവും പ്രായോഗിക പരിശീലനവും ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതേണ്ട രീതിയെക്കുറിച്ചും വ്യക്തമായ നിർദേശങ്ങൾ നൽകണം.
കഴിഞ്ഞ വർഷത്തെ സമയക്രമവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ടൈംടേബിൾ പ്രഖ്യാപിക്കാൻ വൈകുകയാണ്. കഴിഞ്ഞ വർഷത്തെ ബോർഡ് പരീക്ഷകൾക്കായി താൽക്കാലിക ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചത് 2025 സെപ്തംബർ 24നാണ്. തുടർന്ന് അന്തിമ ടൈംടേബിൾ 2025 ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ആരംഭിക്കുന്നതിന് 146 ദിവസം മുമ്പാണ് കഴിഞ്ഞ വർഷം താൽക്കാലിക സമയക്രമം പ്രസിദ്ധീകരിച്ചത്. ഇതിലൂടെ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആസൂത്രണം ചെയ്യാൻ സാധിച്ചിരുന്നു.
CBSE 10th and 12th board exam timetables remain unannounced, causing anxiety among students and parents. There's also uncertainty whether the problematic On-Screen Marking (OSM) system will be re-implemented. Last year, OSM led to widespread complaints about evaluation errors and inadequate teacher training. Concerns about insufficient teacher preparation and student guidance persist if the system is adopted again amidst impending practical exams.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |