ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ സേവനം പ്രയോജനപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി. പടക്കങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും അവയുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
പടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി എല്ലാ വർഷവും കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവ ലംഘിക്കപ്പെടുന്നത് തുടരുകയാണ്. അതിനാൽ ഇത്തരം ഉത്തരവുകൾക്ക് പ്രായോഗികമായി വലിയ പ്രസക്തിയില്ലാത്ത അവസ്ഥയാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി പ്രശസ്ത കായികതാരങ്ങളുടെയും പൊതുസമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെയും സേവനം ഉപയോഗപ്പെടുത്തിക്കൂടേയെന്ന് ജസ്റ്റിസ് വരാലെ ചോദിച്ചു. വിരാട് കൊഹ്‌ലിയെ പോലുള്ള പ്രശസ്ത ക്രിക്കറ്റ് താരങ്ങളോട് ദീപാവലി ആഘോഷങ്ങൾ പടക്കങ്ങളില്ലാതെ നടത്തുന്നതിനുള്ള ബോധവത്കരണ പ്രചാരണത്തിൽ പങ്കുചേരാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് സുന്ദരേഷ് നിർദേശിച്ചു.
പടക്കങ്ങൾ ദീപാവലിയുടെ യഥാർത്ഥ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നില്ലെന്നും വെടിമരുന്നിന്റെ വരവോടെയാണ് ആഘോഷങ്ങളിൽ പടക്കങ്ങൾ വ്യാപകമായതെന്നും കോടതി നിരീക്ഷിച്ചു. പടക്കങ്ങളിൽ അനുവദനീയമായ ബേരിയത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിഷയങ്ങളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. എന്നാൽ ഈ വിഷയങ്ങൾ ദീപാവലിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. പടക്ക നിർമാണത്തിന് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നാണ് ഹർജിക്കാരനായ ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടത്.
The Supreme Court suggested engaging cricketer Virat Kohli for a public awareness campaign advocating a firecracker-free Diwali. Hearing petitions on air pollution from crackers, the court noted its previous orders are often violated. Justices Sundaresh and Varale emphasized using respected personalities to encourage celebrating the festival without firecrackers, which were not part of its original tradition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |