SignIn
Kerala Kaumudi Online
Friday, 30 October 2026 1.43 AM IST

ഒരു വീട്ടിലേക്ക് രണ്ട് സ്വർണം, ഇതാണ് വലിയതൊടി സിസ്റ്റേഴ്സ്

sports

കോഴിക്കോട്: ഒരേ കായികമേളയിൽ, രണ്ട് മത്സരങ്ങൾ, രണ്ട് സ്വർണം! വലിയതൊടി വീട്ടിലേക്ക് ഇന്നലെ ഇരട്ടി മധുരവുമായാണ് ആരതിയും അശ്വതിയും മടങ്ങിയത്. സബ് ജൂനിയർ ഗേൾസ് ഡിസ്‌കസ് ത്രോയിൽ ആരതി സ്വർണം നേടിയപ്പോൾ സീനിയർ ഗേൾസ് ലോംഗ് ജമ്പിൽ ചേച്ചി അശ്വതിയും പൊന്നണിഞ്ഞു.

തൃശൂർ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അശ്വതി. ആരതി എട്ടാം ക്ലാസിലും. മക്കളുടെ കായികമോഹങ്ങൾക്ക് ചിറകുനൽകാൻ ഓട്ടോ ഡ്രൈവറായ അച്ഛൻ മനോജ് വി.എസും അമ്മ രശ്മി മനോജും നടത്തുന്ന അദ്ധ്വാനമാണ് ഈ വിജയത്തിന്റെ പിന്നിലെ കരുത്ത്.

കുതിരാൻ വഴുതുംപാറയിൽനിന്ന് മക്കളുടെ പരിശീലനത്തിനായി രണ്ടുവർഷമായി നാട്ടികയിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. കഴിഞ്ഞവർഷം മെഡൽ നേടാനാകാതിരുന്ന ആരതിക്ക് ഇത്തവണത്തെ സ്വർണം മധുരമായ നേട്ടമാണ്. 27.74 മീറ്റർ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് ആരതി സ്വർണം നേടിയത്. അശ്വതിയാകട്ടെ നേരത്തേ തന്നെ മികവ് തെളിയിച്ച താരം. 2022ൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ അശ്വതി 2024ലും 2025ലും ജൂനിയർ വിഭാഗത്തിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. ഇത്തവണ സീനിയർ വിഭാഗത്തിൽ 5.67 മീറ്റർ ചാടിയാണ് സ്വർണം നേടി നേട്ടത്തിന്റെ തിളക്കം കൂട്ടിയത്.

കഴിഞ്ഞ രണ്ടുവർഷമായി സനോജ് വി.ബിയാണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്. ഡിസ്‌കസ് ത്രോയും ലോംഗ് ജമ്പും കഴിഞ്ഞെങ്കിലും സഹോദരിമാരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ആരതിക്ക് ഷോട്ട്പുട്ടിലും അശ്വതിക്ക് ട്രിപ്പിൾ ജമ്പിലും മത്സരങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360