SignIn
Kerala Kaumudi Online
Sunday, 05 July 2026 2.45 PM IST

കെട്ടിടമില്ല, രോഗിയുമില്ല; പക്ഷേ ഡോക്ടർമാർക്കും നഴ്സുമാർക്കും കൂട്ടത്തോടെ ട്രാൻസ്ഫർ, ആശുപത്രി മാത്രം കാണാനില്ല

ghost-hospital
പ്രതീകാത്മക ചിത്രം .

ഇൻഡോർ: ഡോക്ടർമാരുണ്ട്, നഴ്സുമാരുണ്ട്, ലാബ് ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളുമുണ്ട്. ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകൾ വരെ കൃത്യമായി നടക്കാറുണ്ട്. പക്ഷെ ഇങ്ങനെയൊരു ആശുപത്രി ഈ ഭൂമിയിൽ എവിടെയുമില്ല. ഉള്ളത് സർക്കാർ രേഖകളിൽ മാത്രം. മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള ഖജ്രാന സിവിൽ ആശുപത്രിയെക്കുറിച്ചാണ് കേട്ടാൽ അത്ഭുതം തോന്നുന്ന വാർത്ത പുറത്തുവരുന്നത്.

2020ൽ അംഗീകാരം ലഭിച്ച ആശുപത്രിക്ക് ഇന്നുവരെ സ്വന്തമായി ഒരിഞ്ച് ഭൂമിയോ കെട്ടിടമോ ഇല്ല. എന്നാൽ 87 സർക്കാർ തസ്തികകളാണ് ആശുപത്രിയുടെ പേരിൽ അനുവദിച്ചിട്ടുള്ളത്. ഇവിടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും യഥേഷ്ടം നടക്കുന്നുമുണ്ട്. കഴിഞ്ഞ ജൂൺ 15നാണ് ഏറ്റവും ഒടുവിൽ ഒരു ലാബ് ടെക്നീഷ്യനെ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി നിയമിക്കാൻ ഔദ്യോഗിക ഉത്തരവിറങ്ങിയത്.


100 കിടക്കകളുള്ള സിവിൽ ആശുപത്രി പണിയാൻ 2020 ജൂൺ 23നാണ് ഇൻഡോറിലെ ഖജ്രാനയിൽ മദ്ധ്യപ്രദേശ് സർക്കാർ അനുമതി നൽകിയത്. ഖജ്രാന, മൂസാഖേഡി, തേജാജി നഗർ തുടങ്ങി സമീപപ്രദേശങ്ങളിലെ മൂന്ന് ലക്ഷത്തിലധികം ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പദ്ധതിയായിരുന്നു ഇത്. നഗരത്തിലെ മറ്റ് വൻകിട സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കുമായിരുന്നു. ആശുപത്രിക്ക് അനുമതി നൽകിയതിനൊപ്പം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ അടക്കം 87 തസ്തികകളും സർക്കാർ അനുവദിച്ചു. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും ആശുപത്രിക്ക് ഭൂമി അനുവദിക്കാൻ സർക്കാരിനായിട്ടില്ല.

ai-image-
പ്രതീകാത്മക ചിത്രം.

കെട്ടിടം ഇല്ലെങ്കിലും സർക്കാർ പോർട്ടലുകളിൽ ആശുപത്രി സജീവമാണ്. ജീവനക്കാരെയെല്ലാം ഇൻഡോറിലെ മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ് താൽക്കാലികമായി നിയമിച്ചിരിക്കുന്നത്. രേഖകളിൽ ഇവർ ഖജ്രാന ആശുപത്രിയിലെ ജീവനക്കാരാണ്. യാഥാർത്ഥ്യത്തിൽ ഈ ആശുപത്രിക്ക് വാർഡുകളോ കിടക്കകളോ ഒരൊറ്റ രോഗി പോലുമില്ല.

ആദ്യത്തെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് മദ്ധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ല വ്യക്തമാക്കുന്നത്. തുടക്കത്തിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ആയിരുന്നതിനെ പിന്നീട് 50 കിടക്കകളുള്ള സിവിൽ ആശുപത്രിയായി ഉയർത്തിയതാണെന്നും എന്നാൽ അനുയോജ്യമായ ഭൂമി കിട്ടാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.


സംഭവം വൻ ഭരണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രംഗത്തെത്തി. ആശുപത്രി നേരിൽ കാണാൻ പോലുമില്ലാത്ത സാഹചര്യത്തിൽ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നടക്കുന്നത് വിചിത്രമാണ്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് സഭയിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സജ്ജൻ സിംഗ് വർമ്മ ആവശ്യപ്പെട്ടു. അതേസമയം പ്രദേശത്ത് ആവശ്യത്തിന് ഭൂമിയുണ്ടെന്നും എന്നാൽ ഇവിടുത്തെ വിലപിടിപ്പുള്ള സ്ഥലങ്ങൾ ഭൂമാഫിയ കൈയേറിയത് മറച്ചുവയ്ക്കാൻ അധികൃതർ കള്ളം പറയുകയാണെന്നും ഖജ്രാന ഹോസ്പിറ്റൽ സമിതി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDORE, GHOST HOSPITAL, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360