
പൂനെ: മഹാരാഷ്ട്രയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിയ ഗോയലിന്റെ സ്നാപ്ചാറ്റ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പുറത്ത്. സിയയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത രഹസ്യ സന്ദേശങ്ങളാണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇതോടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നു. ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിൽ, ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത വിവാഹം എന്ന് സിയ പരാമർശിച്ചിട്ടുണ്ട്.
കേതനും സിയയും തമ്മിലുള്ള വിവാഹം നവംബറിൽ രാജസ്ഥാനിൽ നടക്കേണ്ടതായിരുന്നു. വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ സിയ ഒരു സുഹൃത്തിനോട് ആധാർ കാർഡിന്റെ ചിത്രം അയയ്ക്കാൻ ആവശ്യപ്പെടുന്നതാണ് സംഭാഷണങ്ങളിൽ ഉള്ളത്. ‘ആധാറിന്റെ ചിത്രം അയയ്ക്കൂ. ഒരിക്കലും നടക്കാത്ത ഒരു കല്യാണത്തിന്റെ ടിക്കറ്റ് എടുക്കാനാണ്’-എന്നാണ് ഒരു സന്ദേശം. ജൂൺ 18നാണ് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹ്ഗഡ് കോട്ടയിൽ നിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയത്.
പൂനെ കോടതി വെള്ളിയാഴ്ച ഇരുവരെയും 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ സ്ക്രീൻഷോട്ട് ഓൺലൈനിൽ പ്രചരിച്ചത്. സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു കേതൻ സംശയിച്ചിരുന്നതായി അന്വേഷണസംഘം പറയുന്നു. കേതൻ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനു മുൻപു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്ന് മകൻ ചോദിച്ചതായും കേതന്റെ പിതാവ് വിശാൽ അഗർവാൾ പൊലീസിനോടു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |