SignIn
Kerala Kaumudi Online
Monday, 14 September 2026 5.21 PM IST

'കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം, ആവശ്യം പേപ്പറിൽ എഴുതണം'; നിർദേശം നൽകി കങ്കണ

READ ENGLISH VERSION
kangana-ranaut

മാണ്ഡി: തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കെെയിൽ കരുതണമെന്ന് നിർദേശം നൽകി മാണ്ഡിയിലെ എം പിയും നടിയുമായ കങ്കണ റണാവത്ത്. കൂടാതെ എന്താവശ്യത്തിനാണ് കാണുന്നതെന്ന് ഒരു പേപ്പറിൽ എഴുതികൊണ്ടും വരണമെന്നും കങ്കണ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ കടലാസിൽ എഴുതികൊണ്ട് വരാൻ പറഞ്ഞതെന്ന് കങ്കണ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'ഹിമാചൽ പ്രദേശിൽ ധാരാളം വിനോദസഞ്ചാരികൾ വരുന്നുണ്ട്. അതിനാൽ മാണ്ഡിയിലെ ജനങ്ങൾ ആധാർ കാർഡ് കരുതേണ്ടതാണ്. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് തന്നെ കാണുന്നതെന്നും പേപ്പറിൽ എഴുതണം. ജനങ്ങൾക്ക് അസൗകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇത്. തന്റെ ഓഫീസിലേക്ക് നിരവധി ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരും എത്തുന്നുണ്ട്.

അതിനാൽ മണ്ഡലത്തിൽ ഉള്ളവർ വളരെ അധികം അസൗകര്യം നേരിടുന്നുണ്ട്. തുടർന്നാണ് പുതിയ നടപടി. കൂടാതെ ഹിമാചലിന്റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് എന്നെ കാണാൻ മണാലിയിലെ വീട്ടിലേക്ക് വരാം. മാണ്ഡിയിലുള്ളവർക്ക് നേരെ ഓഫീസിൽ വരാം. നേരിട്ട് കാണുന്നതാണ് നല്ലത്',​ കങ്കണ പറഞ്ഞു.

കങ്കണയുടെ ഈ നിർദേശം വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ വൻ വിമർശനവും നേരിടുന്നുണ്ട്. കങ്കണയ്ക്ക് എതിരായി മാണ്ഡിയിൽ മത്സരിച്ച കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗും വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ജനപ്രതിനിധികളാണ്. അതിനാൽ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഉത്തരവാദിത്വമാണ്. അത് ചെറിയ ജോലിയായാലും വലിയ ജോലിയായാലും. അതിന് ആധാർ കാർഡ് വേണ്ട. പേപ്പറിൽ ആവശ്യം എഴുതി വരുവാൻ പറയുന്നത് ശരിയായ നടപടിയല്ല',​ -വിക്രമാദിത്യ സിംഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KANGANA RANAUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360