SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.52 PM IST

സംവരണ ബിൽ പാർലമെന്റിലേക്ക് , ജനപ്രതിനിധികളിൽ 33% വനിതകളാകും

READ ENGLISH VERSION

cc

ന്യൂഡൽഹി: ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ നാളെ ലോക് സഭയിൽ അവതരിപ്പിക്കുമെന്ന്സൂചന. ഇതോടെ മൊത്തം അംഗങ്ങളുടെ മൂന്നിലൊന്ന് സ്ത്രീകളായി മാറും.

നിലവിലെ പട്ടിക വിഭാഗം സംവരണത്തിലും വനിതകൾക്ക് ഇത്രയും ശതമാനം സീറ്റ് മാറ്റവയ്ക്കണം. നിലവിൽ ലോക്സഭയിൽ വനിതാ എം.പിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ​​ശതമാനത്തിനും താഴെയാണ്.

ഭരണമുന്നണിയായ എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമുള്ളതിനാലും കോൺഗ്രസ് അടക്കം കക്ഷികൾ പിന്തുണയ്‌ക്കുന്നതിനാലും പാസാക്കാനാകും. പക്ഷേ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതു പ്രാബല്യത്തിലാവാൻ സാധ്യതയില്ല. നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടും. എന്നാൽ ഒരു വർഷത്തിനുശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നടപ്പാക്കാൻകഴിയും.

ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകി. വൈകിട്ട് ആറരയ്‌ക്ക് പാർലമെന്റിന്റെ അനക്‌സ് കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നത്. അജൻഡയും രഹസ്യമായിരുന്നു. എങ്കിലും വനിതാ സംവരണം, രാജ്യത്തിന്റെ പേരുമാറ്റം തുടങ്ങിയവുമായി ബന്ധപ്പെട്ട നിർണായക ബില്ലുകൾക്ക് അനുമതി നൽകുമെന്ന അഭ്യൂഹവും ശക്തമായി. പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്ചത്തെ സർവകക്ഷി യോഗത്തിൽ സർക്കാർ പ്രതിപക്ഷത്തിന് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിയമനത്തിനുള്ള വിവാദ ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു.

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഗോയലും ജോഷിയും പ്രധാനമന്ത്രി മോദിയെയും കണ്ടു.

വന്നുപോയി പലവട്ടം

1996: ദേവഗൗഡ സർക്കാർ ആദ്യമായി അവതരിപ്പിച്ചു

1998, 1999: വാജ്പേയി സർക്കാർ കൊണ്ടുവന്നു

2008: മൻമോഹൻ സർക്കാർ കൊണ്ടുവന്നു

2010: മൻമോഹൻ സർക്കാർ രാജ്യസഭയിൽ പാസാക്കി

സംവരണ മണ്ഡലം

മാറിമാറി വരും

1. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക്

2. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ആകെ സീറ്റുകളുടെ മൂന്നിലൊന്ന് ആ വിഭാഗങ്ങളിലെ സ്ത്രീകൾക്ക്. റൊട്ടേഷൻ വഴി അനുവദിക്കണം

3. വനിതാ സംവരണത്തിനുള്ളിൽ ഒ.ബി.സി സംവരണം അടക്കം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്

കേരളത്തിൽ 6 എം.പിമാർ

46 എം.എൽ.എമാർ

വനിതാ സംവരണം നടപ്പായാൽ പൊതുചട്ടം അനുസരിച്ച് ആറ് എം.പിമാർ വനിതകളാവണം. നിയമസഭയിൽ 46വനിതകളും എത്തും.നിബന്ധനകൾ അനുസരിച്ച് ഇതിൽ മാറ്റം വരാം.

 2010ലെ ബിൽ:

(യു.പി.എ സർക്കാർ കൊണ്ടുവന്നത്)

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം. പട്ടികജാതി, പട്ടികവർഗ സംവരണത്തിനുള്ളിൽ വനിതാ സംവരണവും. എല്ലാ മണ്ഡലങ്ങളിലും സംവരണം ഉറപ്പാക്കാൻ റൊട്ടേഷൻ വ്യവസ്ഥ. ഓരോ പൊതു തിരഞ്ഞെടുപ്പിനുശേഷവും സംവരണ സീറ്റുകൾ മാറണം. മൂന്ന് തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ എല്ലാ മണ്ഡലങ്ങളിലും സംവരണം ഉറപ്പാക്കും. സംവരണത്തിന് 15 വർഷ കാലാവധിയും നിശ്ചയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, WOMENS BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360