SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

പുതുച്ചേരിയിൽ എൻ.ഡി.എ പൊട്ടിത്തെറിയുടെ വക്കിൽ, മുന്നണി വിടാൻ എൻ.ആർ.കോൺഗ്രസ്, നേതാക്കളെ ‌ഡൽഹിയിലേക്ക് വിളിപ്പിച്ചു

aa

പുതുച്ചേരി: തിരഞ്ഞെടുപ്പ് തീയതി വന്നതിനുപിന്നാലെ പുതുച്ചേരിയിൽ എൻ.ഡി.എയിലുണ്ടായ അസ്വാരസ്യം മൂത്ത്, പൊട്ടിത്തെറിയുടെ വക്കിലെത്തി. എൻ.ഡി.എയാണ് പുതുച്ചേരി ഭരിക്കുന്നത്. മുന്നണിയുടെ പ്രധാന കക്ഷികളായ എൻ.ആർ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ സീറ്റ് ധാരണയായെങ്കിലും എൻ.‌ഡി.എയിലേക്ക് 'ലച്ചിയ ജനനായക കക്ഷി"യെ (എൽ.ജെ.കെ) ഉൾപ്പെടുത്താൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതാണ് ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയത്. എൽ.ജെ.കെയെ മുന്നണിയിലെടുത്താൻ എൻ.ഡി.എ വിടുമെന്ന നിലപാടിലാണ് എൻ.ആർ കോൺഗ്രസ്. പുതുച്ചേരിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യവും എൻ.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ.രംഗസ്വാമി മുന്നോട്ടു വച്ചിട്ടുണ്ട്.

16 സീറ്രുകളിൽ എൻ.ആർ.കോൺഗ്രസും 14 സീറ്റുകളിൽ ബി.ജെ.പിയും എന്ന ധാരണയാണുണ്ടായിരുന്നത്. ഇതിൽ

രണ്ട് സീറ്റ് എൽ.ജെ.കെയ്ക്ക് നൽകാനാണ് ബി.ജെ.പി തീരുമാനിച്ചത്. ഇതിനെതിരെ എൻ.ആർ. കോൺഗ്രസ് നിലപാടെടുത്ത സാഹചര്യത്തിൽ, പുതുച്ചേരിയിലെ സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബി.ജെ.പി നേതാവ് രാമലിംഗം, മന്ത്രി നമശിവായം എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ബി.ജെ.പി ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു.

എൻ.രംഗസ്വാമി എൻ.ആർ കോൺഗ്രസ് എം.എൽ.എമാരെയും നേതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂടിയാലോചന നടത്തി. പാർട്ടിയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടരണമോയെന്ന് ചോദിച്ചുവെന്നാണ് വിവരം. പാർട്ടിയുടെ വികാരം പുതുച്ചേരിയിൽ തങ്ങുന്ന കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ അറിയിച്ചു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി രണ്ട് ദിവസം കാത്തിരിക്കാനാണ് എൻ.ആർ.കോൺഗ്രസിന്റെ തീരുമാനം. അനുകൂലമായ പ്രതികരണമില്ലെങ്കിൽ, 23ന് എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കും. സഖ്യത്തിലില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ചിലർ രംഗസാമിയെ ഉപദേശിച്ചിട്ടുണ്ട്. എൻ.ആർ. കോൺഗ്രസ് സഖ്യം വിട്ടാൽ ബി.ജെ.പി 17 സീറ്റുകളിൽ മത്സരിക്കും. അണ്ണാ ഡി.എം.കെയ്ക്കും എൽ.ജി.പിയ്ക്കും 6 സീറ്റ് വീതവും പി.എം.കെയ്ക്ക് ഒരു സീറ്റും നൽകി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പദ്ധതി.

സാന്റിയാഗോ മാർട്ടിന്റെ

മകന്റെ പാർട്ടി

ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ രൂപീകരിച്ച പാർട്ടിയാണ് എൽ.ജെ.കെ. ജോസ് ചാൾസിന്റെ ഭാര്യാസഹോദരനാണ് ടി.വി.കെ നേതാവ് ആധവ് അർജുൻ. പുതുച്ചേരിയിൽ എൽ.ജെ.കെ രൂപീകരിച്ചപ്പോൾ, കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് ചാൾസ് പ്രഖ്യാപിച്ചു. ഡി.എം.കെയും കോൺഗ്രസും അദ്ദേഹം ബിജെപിയുടെ 'ബി" ടീമാണെന്ന് ആരോപിച്ചിരുന്നു. ഇപ്പോൾ എൻ.ഡി.എയിലെത്താനുള്ള ശ്രമത്തിലാണ് ചാൾസ്. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് വിജയിക്കുമെന്നാണ് ചാൾസിന്റെ ആത്മവിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360