
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണിത്. ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഐസ ദേശീയ അദ്ധ്യക്ഷ നേഹ ബോറയെ 12 മണിക്കൂറിനുശേഷം വിട്ടയച്ചു. ഇരുനേതാക്കളും പുറത്തിറങ്ങിയെങ്കിലും ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതഷേധം തുടരുകയാണ്.
വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിക്കാനുള്ള 'ലഹ്രാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് സമാധാനം പാലിക്കണമെന്ന നിബന്ധനയുമുണ്ട്. മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് ദീപ്കെയുടെ വസതിയിലെത്തി പൊലീസ് നേരത്തേ നോട്ടീസും നൽകിയിരുന്നു.
നേഹയെ ഡൽഹി പൊലീസ് നിയമത്തിലെ 65ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് വിട്ടയച്ചത്. കസ്റ്റഡിയിലിരിക്കെ അഭിഭാഷകരുമായി ബന്ധപ്പെടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നെന്ന് അവർ ആരോപിച്ചു. എസ്.ഐ.ആർ നിറുത്തിവയ്ക്കണമെന്നും ഗ്യാനേഷ് രാജിവയ്ക്കണമെന്നും നേഹ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |