
ന്യൂഡൽഹി: പ്രത്യേക ലക്ഷ്യത്തോടെ വിന്യസിച്ച 'എ.ഐ ഏജന്റുമാർ' ഇന്ത്യൻ കമ്പനികളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ അനുമതിയില്ലാതെ കടന്നുകയറി വ്യക്തിഗത വിവരങ്ങളും ബിസിനസ് രേഖകളും വായിച്ചതായി കണ്ടെത്തി. എ.ഐ മോഡൽ സേവനദാതാക്കൾ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയ പിഴവ് സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (സി.ഇ.ആർ.ടി-ഇൻ) പുറത്തുവിട്ടത്. കടന്നുകയറ്റം നടന്ന വിവരം കമ്പനികൾ അറിഞ്ഞില്ല. രേഖകൾ വായിച്ചതിനപ്പുറം വിവരങ്ങൾ പുറത്തേക്ക് പോയോയെന്നും ഏതെല്ലാം കമ്പനികളുടെ രഹസ്യങ്ങളിലാണ് കടന്നുകയറ്റമെന്നും വെളിപ്പെടുത്തിയിട്ടില്ല.
ഏല്പിക്കുന്ന ജോലികൾ ചെയ്യാൻ സ്വയം നടപടികൾ ആസൂത്രണം ചെയ്യാനും കമാൻഡുകൾ നൽകാനുമുള്ള 'അധികാരം' ഉപയോഗിച്ചാണ് എ.ഐ ഏജന്റുമാർ കടന്നുകയറ്റം നടത്തിയത്. ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ച വിവരങ്ങൾ, പ്രോഗ്രാം കോഡുകൾ, ക്ലൗഡ് സംവിധാനങ്ങൾ എന്നിവ എ.ഐ ഉപയോഗിച്ചെന്നും കണ്ടെത്തി. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്താൻ എ.ഐ ഉപകരണങ്ങൾ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നതായും സി.ഇ.ആർ.ടി-ഇൻ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |