
ന്യൂഡൽഹി: ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം രാംലീലാ മൈതാനത്തേക്ക് മാറ്റി കോൺഗ്രസ്. എസ്.ഐ.ആർ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ഒന്നിന് റാലി നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകി. ഇന്ത്യ മുന്നണിയുടെ സംയുക്ത സമരപരിപാടിയുടെ ഭാഗമാണിത്. വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തും.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച റാലിക്കാണിപ്പോൾ അനുമതി ലഭിച്ചത്. രാംലീലാ മൈതാനം ലഭ്യമാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചതിനു പിന്നാലെ കോൺഗ്രസ് പൊലീസ് അനുമതിക്കായി അപേക്ഷിക്കുകയായിരുന്നു. 25 മുതൽ നവംബർ മൂന്ന് വരെ മൈതാനം റാലിക്കായി ലഭ്യമാക്കും. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും വിലയിരുത്തിയശേഷമാണ് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ജന്തർ മന്ദറിന് പകരം രാംലീലാ മൈതാനം, ബുറാഡി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പ്രതിഷേധങ്ങൾക്കായി അധികൃതർ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ജന്തർ മന്ദറിനെ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങൾക്കപ്പുറം കൂടുതൽ വിപുലമായ വേദിയിൽ ശക്തിപ്രകടനത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നു: രാഹുൽ
ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ വനിതാ പ്രവർത്തകരോടുൾപ്പെടെ പൊലീസ് അതിക്രമം കാട്ടിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണിത്. ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് പി.കെ. ശ്രീമതിയുടെയും ആനി രാജയുടെയും നേതൃത്വത്തിൽ വനിതാ സംഘടനകൾ ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |