
ന്യൂഡൽഹി: കൂടംകുളം ആണവ നിലയത്തിലെ നിർണായക വിവരങ്ങൾ ഡാർക് വെബിൽ വിൽപനയ്‌ക്ക് വച്ചെന്ന വാർത്ത തള്ളി ഇന്ത്യൻ ആണവോർജ്ജ കോർപറേഷൻ(എൻ.പി.സി.ഐ.എൽ). ആണവ നിലയങ്ങളുടെ കരാർ ഏറ്റെടുത്ത റിലയൻസ് ഗ്രൂപ്പിന്റെ സർവറിൽ നിന്ന് ചോർന്നത് തന്ത്രപധാന വിവരങ്ങളല്ലെന്നാണ് വിശദീകരണം.
റിലയൻസിന് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല മാത്രമാണ് നൽകിയത്. ആണവപദ്ധതിയുടെ സുപ്രധാന വിവരങ്ങൾ പങ്കുവച്ചിട്ടില്ല. ചോർന്നത് ആണവോർജ്ജ പദ്ധതിയുടെ വിവരങ്ങളല്ല. ഡാർക് വെബിൽ വന്നത് നിർമാണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ബ്ലൂപ്രിന്റുകളും മാത്രമാണ്. ഇവയൊന്നും സുരക്ഷയെ നേരിട്ടു ബാധിക്കുന്നവയല്ല. കരാർ ഏറ്റെടുത്ത കമ്പനികളുമായി സാധാരണഗതിയിൽ കൈമാറുന്ന രേഖകൾ മാത്രമാണിവ.
അതേസമയം നിർമാണത്തിലിരിക്കുന്ന നിലയത്തിന്റെ ബ്ലൂപ്രിന്റും ഫ്‌ളോർ ഘടനയും പുറത്താകുന്നത് സുരക്ഷാഭീഷണിയാണെന്ന വാദവുമുണ്ട്. ആണവനിലയത്തിന്റെ പ്രധാന കൺട്രോൾ റൂമിന്റെ വരെ ഫ്‌ളോർ പ്ലാൻ പുറത്തായിട്ടുണ്ട്. അതിനൊപ്പം നിലയത്തിലേക്ക് പ്രവേശിക്കാൻ അനുമതി ഉള്ളവരുടെ വിവരങ്ങളും പുറത്തായവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ആണവനില പദ്ധതിയിൽ സഹകരിക്കുന്ന റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |