
ന്യൂഡൽഹി: ജലാശയങ്ങളിൽ ഫ്ളോട്ടിംഗ് സോളാർ സെല്ലുകൾ സ്ഥാപിച്ച് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രി സൂര്യ സരോവർ എന്നാണ് പേര്. 5,070 കോടി രൂപ വകയിരുത്തി. 81 അണക്കെട്ടുകളും വിശാല കായൽ പരപ്പുമുള്ള കേരളത്തിന് അനുഗ്രഹമാകും. രാജ്യത്ത് നിലവിൽ സമാന രീതിയിൽ ഏകദേശം 700 മെഗാവാട്ട് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
സംസ്ഥാനങ്ങൾ കമ്മിഷൻ ചെയ്യുന്ന പദ്ധതികൾക്ക് മെഗാവാട്ടിന് ഒരു കോടി രൂപ വീതം കേന്ദ്രം സഹായം നൽകും. കൂടാതെ ബാത്തിമെട്രി (ജലാശയങ്ങളുടെ ആഴം അറിയൽ), ഹൈഡ്രോഗ്രാഫി (ജലഘടന) അവലോകനം തുടങ്ങിയ സാധ്യതാ പഠനങ്ങൾക്കായി ഒരു പദ്ധതിക്ക് 50 ലക്ഷം രൂപ വീതവും നൽകും. പദ്ധതിയുടെ കാലാവധി 2030-31 സാമ്പത്തിക വർഷം വരെയാണ്. സാമ്പത്തിക സഹായം 2032-33 വരെ തുടരും. ഫ്ലോട്ടിംഗ് സോളാർ വഴി രാജ്യത്ത് 102.18 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോളാർ എനർജി (നൈസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
കായകുളത്ത് 92 മെഗാവാട്ട്
കായകുളം ചൂലത്തെരുവിൽ 450 ഏക്കർ തടാകത്തിൽ എൻ.ടി.പി.സിക്കു വേണ്ടി ടാറ്റാ പവർ സോളാർ സിസ്റ്റംസ് സജ്ജമാക്കിയ 92 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതിയുണ്ട്. 2022 ജൂലായിൽ കമ്മിഷൻ ചെയ്‌തു. ഇവിടെ നിന്ന് കെ.എസ്.ഇ.ബിക്ക് 3.16രൂപ നിരക്കിൽ വൈദ്യുതി നൽകുന്നുണ്ട്. മദ്ധ്യപ്രദേശിലെ 600 മെഗാവാട്ട് ശേഷിയുള്ള ഓംകാരേശ്വർ ഫ്ളോട്ടിംഗ് സോളാർ പവർ പാർക്കാണ് നിലവിലെ ഏറ്റവും വലുത്.
ബാണാസുരയിൽ 500 കിലോവാട്ട്
ബാണാസുരസാഗർ അണക്കെട്ടിൽ ഫ്ളോട്ടിംഗ് സോളാർ വൈദ്യുതോത്പാദനമുണ്ട്. വയനാട് കമ്മന വാഴാംപ്ലാക്കൽ അജയ് തോമസ് 2010ൽ വയനാട് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ അവതരിപ്പിച്ച പ്രോജക്ടാണ് പ്രാവർത്തികമായത്. 2014ൽ വാട്സാ എനർജി ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് തുടക്കമിട്ടു. 500 കിലോവാട്ട് ഉത്പാദിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |