SignIn
Kerala Kaumudi Online
Monday, 14 September 2026 1.11 AM IST

പകർച്ചവ്യാധികളും ദുരന്തങ്ങളും തടയാൻ ബ്രിക്സ് മുന്നറിയിപ്പ് സംവിധാനം

s

ന്യൂഡൽഹി: പകർച്ചവ്യാധികൾ തടയുന്നതിനും ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും ബ്രിക്‌സ് രാജ്യങ്ങൾ സംയുക്തമായി സംവിധാനം ആവിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ, വിതരണ ശ്രംഖലയിലെ തടസങ്ങൾ എന്നിവ നേരിടാനും ബ്രിക്‌സ് കൂട്ടായ്‌മയിൽ സംവിധാനങ്ങളുണ്ടാകുമെന്നും ഡൽഹി ഉച്ചകോടിയുടെ സമാപന ദിവസത്തെ സെഷനിൽ മോദി പ്രഖ്യാപിച്ചു.

അതേസമയം, സാങ്കേതികവിദ്യയും നിർണായക ധാതുക്കളും ആയുധമാക്കുന്നതിലെ അപകടങ്ങൾ തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നൽകി. ഇത് ലോകത്തെ പുരോഗതിയും സമൃദ്ധിയും ഇല്ലാതാക്കും. മഹാമാരികളും കാലാവസ്ഥാ ദുരന്തങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലമുള്ള പ്രതിസന്ധി ഒരു മേഖലയിൽ മാത്രമായി ഒതുങ്ങുന്നില്ലെന്ന് പശ്ചിമേഷ്യൻ സംഘർഷത്തെയും കൊവിഡ് മഹാമാരിയെയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾ സമയബന്ധിതമായ തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്നത് പ്രധാനമാണെന്നും അതിനാൽ, ബ്രിക്‌സ് കൂട്ടായ്‌മയ്‌‌ക്കുള്ളിൽ പ്രതിരോധ സംവിധാനത്തിന് ഊന്നൽ നൽകുമെന്നും കൂട്ടിച്ചേർത്തു.

ബ്രിക്സ് സഹകരണം സർക്കാരുകൾക്കിടയിൽ ഒതുക്കാതെ സംരംഭകർ, കർഷകർ, ഗവേഷകർ, സ്ത്രീകൾ, യുവാക്കൾ, സാധാരണ പൗരന്മാർ എന്നിവരും സജീവ പങ്കാളികളാകും. നേട്ടങ്ങൾ വികസ്വര രാജ്യങ്ങൾക്കെല്ലാം ലഭ്യമാക്കണം. അടുത്ത ബ്രിക്‌സ് ആതിഥേയ രാജ്യമായ ചൈനയ്‌ക്ക് അദ്ദേഹം ആശംസ നേർന്നു.

ലക്ഷ്യംവയ്ക്കുന്ന

സംവിധാനങ്ങൾ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റകൾ സംയോജിപ്പിച്ച് ദുരന്തനിവാരണത്തിനുള്ള മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. വിശ്വസനീയവും സ്ഥിരതയുള്ളതുമായ ബ്രിക്സ് ലോജിസ്റ്റിക്സ് വിതരണ ചട്ടക്കൂട് തയ്യാറാക്കും. സ്റ്റാർട്ടപ്പുകളെയും ഇൻകുബേറ്ററുകളെയും ബന്ധിപ്പിക്കാൻ ബ്രിക്സ് ഇൻകുബേറ്റർ നെറ്റ്‌വർക്ക്, ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട്, കർഷകരെ സഹായിക്കാൻ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ബ്രിക്സ് നെറ്റ്‌വർക്ക് തുടങ്ങിയ സംവിധാനങ്ങളും വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360