
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാനും യു.എ.ഇയും തമ്മിൽ ശത്രുതയിലായെങ്കിലും യു.എ.ഇ പ്രതിനിധിയായ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു ചർച്ച. ഇറാനും ബ്രിക്സ് അംഗമാണ്.
തന്ത്രപ്രധാന ഊർജ മേഖലയിലെ പുതിയ സാധ്യതകളും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയായ ഐ.എം.ഇ.സിയിലെ കണക്ടിവിറ്റിയും പ്രത്യേകം ചർച്ച ചെയ്തു.
പ്രതിരോധം, നിർണായക ധാതുക്കൾ, ഊർജം, ഭക്ഷ്യസുരക്ഷ, ബഹിരാകാശം, നിർമിതബുദ്ധി, കണക്ടിവിറ്റി എന്നീ മേഖലകളിൽ തന്ത്രപങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകും.
'നിക്ഷേപബന്ധം മുതൽ തന്ത്രപ്രധാന ഊർജ അടിസ്ഥാനസൗകര്യവും ഐ.എം.ഇ.സി കണക്ടിവിറ്റിയും വരെ വലിയ സാധ്യതകളുണ്ട്' എന്ന് മോദി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കി.
ഇന്ത്യ-യു.എ.ഇ സമഗ്ര തന്ത്രപങ്കാളിത്തത്തിന്റെ പുരോഗതിയും ഇരുനേതാക്കളും അവലോകനം ചെയ്തു. പ്രതിരോധം, ബഹിരാകാശം, ആണവോർജം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ മേഖലകളിലെ സഹകരണം പുരോഗമിച്ചതായി വിലയിരുത്തി. ഇന്ത്യയിൽ യു.എ.ഇയുടെ പുതിയ പരമാധികാര നിക്ഷേപ ഫണ്ടായ ലിമാദിന്റെ നിക്ഷേപം വർദ്ധിപ്പിക്കുന്നതും ചർച്ചയായി.
ഒഡിഷയിലെ സംയോജിത അലുമിനിയം പദ്ധതിയിൽ യു.എ.ഇ.യുടെ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി 11.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുള്ള ധാരണ നേരത്തെ ഉണ്ടായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തിനിടെ ശക്തമായ ഇന്ത്യ-യു.എ.ഇ ബന്ധം സ്ഥിരതയുടെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമാണെന്ന് മോദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |