
ലക്നൗ: വിവാഹമോചന കേസിനായി എത്തിയ ഭാര്യയെ കോടതിവളപ്പിൽ വച്ച് തല്ലിച്ചതച്ച് ഭർത്താവ്. യുവതിയുടെ ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ കൂട്ടയടിയായി. പൊലീസും അഭിഭാഷകരും നോക്കിനിൽക്കെയാണിത്. കോടതിവളപ്പിലെ സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ 24ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് കുടുംബ കോടതിയിലാണ് സംഭവം. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രിയ ത്രിപാഠിയും ഭർത്താവ് മനീഷ് കുമാർ മിശ്രയും കോടതിയിലെത്തിയത്. പ്രിയയുടെ പിതാവ് ലക്ഷ്മികാന്തും സഹോദരി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഇവർ കോടതി മുറിയിൽ നിന്നിറങ്ങി താഴത്തെ നിലയിലെ ഹാളിലെത്തിയപ്പോൾ മനീഷും മറ്റൊരാളും ചേർന്ന് അക്രമിക്കുകയായിരുന്നു.
മനീഷ് പ്രിയയുടെ മുടിയിൽ പിടിച്ച് വലിച്ച് നിലത്തേയ്ക്ക് തള്ളിയിടുന്നതും കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതും മകളെ രക്ഷിക്കാൻ ഇടപെട്ട പിതാവിനെയും സഹോദരിയേയും ഇരുവരും ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസെത്തിയാണ് മനീഷിനെ പിടിച്ചുമാറ്റിയത്.
സംഭവത്തിന് പിന്നാലെ പ്രിയ പൊലീസിൽ പരാതി നൽകി. കുടുംബ തർക്കവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടായതായി ഇവർ പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് മനീഷ് കുമാർ മിശ്രയേയും ഒപ്പമുണ്ടായിരുന്ന ആളെയും അറസ്റ്റുചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |