ബംഗളൂരു: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ പനാമയെ സമനിലയിൽ തളച്ച് മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ഇന്ത്യ കാഴ്ചവച്ചത്. എന്നാൽ മത്സരത്തിന് പിന്നാലെ പനാമ മുഖ്യപരിശീലകൻ തോമസ് ക്രിസ്റ്റ്യൻസെന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്കും മോശം ലോജിസ്റ്റിക്സ് സൗകര്യങ്ങളുമാണ് തങ്ങളുടെ വിജയത്തെ ബാധിച്ചതെന്നാണ് തോമസ് ക്രിസ്റ്റ്യൻസെന്റെ വിശദീകരണം. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് വെറും മൂന്നോ നാലോ കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലേയ്ക്ക് എത്താൻ പനാമ ടീമിന് രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ടിവന്നുവെന്നും ഇത് താരങ്ങളുടെ ഊർജവും മത്സരത്തിനായുള്ള തയ്യാറെടുപ്പുകളെയും കാര്യമായി ബാധിച്ചെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'ഇതൊരു ഒഴിവുകഴിവ് പറയുന്നതായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ സ്റ്റേഡിയത്തിലെത്താൻ രണ്ടുമണിക്കൂർ ബസിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇവിടത്തെ യാത്രയും സൗകര്യങ്ങളും പ്രയാസമായിരുന്നു. ഇതൊരു ന്യായീകരണമല്ല, പക്ഷെ നമ്മുടെ താരങ്ങൾ മികച്ച സൗകര്യങ്ങൾ അർഹിക്കുന്നതിനാൽ കളിക്കളത്തിന് അകത്തും പുറത്തും കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്'- തോമസ് ക്രിസ്റ്റ്യൻസെൻ പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ 1-1നാണ് ഇന്ത്യ ഫിഫ റാങ്കിംഗിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള പനാമയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ 41-ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ ഇന്ത്യയാണ് ആദ്യം വലകുലുക്കിയത്. ആകാശ് മിശ്ര നൽകിയ പാസാണ് വില്യംസ് ഗോളാക്കി മാറ്റിയത്. എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിലേയ്ക്ക് തിരിച്ചുവന്ന പനാമ 68-ാം മിനിറ്റിൽ ഒമർ ജാവിയർ വലൻസിയയിലൂടെ ഒരു ഗോൾ നേടി. ഇതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
ഇക്കഴിഞ്ഞ ലോകകപ്പിൽ മത്സരിച്ച് ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള പനാമയെ 138-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞത് വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാകും. ഒക്ടോബർ മൂന്നിന് കരുത്തരായ ബ്രസീൽ, ഒക്ടോബർ ആറിന് യുറുഗ്വായ് എന്നിവരെയാണ് ഇന്ത്യ ഇനി നേരിടുന്നത്. കൊൽക്കത്തയിൽവച്ചാണ് ഈ മത്സരങ്ങൾ നടക്കുക.
Panama coach Thomas Christiansen said Bengaluru’s heavy traffic and poor logistics affected his team’s performance in their friendly against India. He claimed the team took nearly two hours to travel just 3–4 km from their hotel to the stadium, leaving the players tired and affecting their match preparations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |