SignIn
Kerala Kaumudi Online
Sunday, 27 September 2026 9.25 PM IST

ഒക്ടോബർ രണ്ടിലെ രാജ്യവ്യാപക പ്രതിഷേധം; ഗ്യാനേഷ് കുമാറിനെതിരെ സിജെപി, പിന്തുണയുമായി വാങ്ചുക്

READ ENGLISH VERSION
sonam-wangchuk-
ആക്‌ടിവിസ്റ്റ് സോനം വാങ്ചുക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് പിന്തുണയുമായി ആക്‌ടിവിസ്റ്റ് സോനം വാങ്ചുക്. ഒക്ടോബർ രണ്ടിന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. മുംബയിൽ തുടങ്ങുന്ന പ്രതിഷേധം രാജ്യത്ത് വ്യാപിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് നടപടികളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണെന്ന് വാങ്ചുക് പ്രതികരിച്ചു. എല്ലാ പ്രക്ഷോഭങ്ങളിലും നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ സി.ജെ.പിയുടെ നീക്കത്തിന് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ വാങ്ചുക് സി.ജെ.പിക്ക് പിന്തുണ നൽകിയിരുന്നു. അന്ന് സംഘടനയ്ക്ക് പരിമിതമായ പിന്തുണ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ശക്തമായ ശബ്ദമായി മാറിയിട്ടുണ്ടെന്നും ഈ ശബ്ദം രാജ്യത്തെ ഉണർത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഒക്ടോബർ രണ്ടിന് നടക്കുന്ന പ്രതിഷേധത്തിൽ താൻ നേരിട്ട് പങ്കെടുക്കുമോയെന്ന കാര്യത്തിൽ വാങ്ചുക് വ്യക്തത വരുത്തിയിട്ടില്ല. ഓരോ പ്രക്ഷോഭത്തിലും തനിക്ക് നേരിട്ട് സാന്നിദ്ധ്യമറിയിക്കേണ്ട സാഹചര്യമില്ലെന്നും വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ കൂടുതൽ ആളുകൾ രംഗത്തുവരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനെ ഏറെ പ്രാധാന്യമുള്ള ദിനമായാണ് വാങ്ചുക് വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സി.ജെ.പി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കൽ, ഒഴിവാക്കൽ, പുനഃസ്ഥാപിക്കൽ, എസ്.ഐ.ആർ തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു ഒരു ദേശിയ മാദ്ധ്യമത്തിലെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളിൽ ഇരുവരും ഔദ്യോഗികമായി പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം.

അതേസമയം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു. എസ്.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മൂന്ന് കമ്മിഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് കൈക്കൊണ്ടതെന്ന് കമ്മിഷൻ ഇന്നലെ വ്യക്തമാക്കി. നിലവിൽ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.

English Summary

Activist Sonam Wangchuk has supported the Cockroach Janata Party's (CJP) nationwide protest on October 2, demanding Chief Election Commissioner Gyanesh Kumar's resignation. CJP alleges a lack of transparency in election procedures, citing reports of internal dissent among commissioners on voter list decisions. The Election Commission has denied these allegations, asserting all decisions were unanimously approved by its members.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONAMWANGCHUK, CJP PROTEST, GYANESH KUMAR, LATESTNEWS, ABHIJITH DEEPKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360