മുംബയ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബയിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സഹസ്ഥാപകൻ അഭിജിത് ദീപ്‌കെ. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബയിൽ 'ജയിൽ നിറയ്ക്കൽ സമരം' ആരംഭിക്കുമെന്ന് ദീപ്‌കെ മുന്നറിയിപ്പ് നൽകി.
ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബയ് പൊലീസ് അനുമതി നിഷേധിച്ചെന്നും പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ദീപ്‌കെ സാമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു.
സെപ്തംബർ 26നകം ഗ്യാനേഷ് രാജിവച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് മുംബയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് സി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി കമ്മീഷനുള്ളിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം, പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന്റെ കാരണം മുംബയ് പൊലീസ് വിശദീകരിച്ചു. ശിവാജി പാർക്കിൽ പൊതുയോഗം നടത്തുന്നതിന് അനുമതി നൽകാനുള്ള അധികാരം പൊലീസിനില്ലെന്നാണ് വിശദീകരണം. അപേക്ഷ നൽകിയ അജിങ്ക്യ ഷിൻഡെയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുംബയ് നഗരത്തിലെ മറ്റേതെങ്കിലും വേദി കണ്ടെത്തി ആവശ്യമായ അനുമതിക്ക് അപേക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പുതിയ വേദിയിൽ പ്രതിഷേധം നടത്തുന്നതിനുള്ള അപേക്ഷ ഉചിതമായ രീതിയിൽ പരിഗണിക്കുമെന്നും പൊലീസ് വ്യക്തമാക്കിയതായി അറിയിപ്പിൽ പറയുന്നു.
പൊലീസിന്റെ വിശദീകരണത്തോട് പ്രതികരിച്ച് ദീപ്‌കെ രംഗത്തെത്തി. ശിവാജി പാർക്കിൽ മറ്റുള്ളവർക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'അങ്ങനെയെങ്കിൽ ഏക്‌നാഥ് ഷിൻഡെയ്ക്ക് എങ്ങനെയാണ് അനുമതി നൽകിയത്?' എന്നായിരുന്നു ദീപ്‌കെയുടെ പ്രതികരണം.
ഗ്യാനേഷ് കുമാറിനെ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പുതിയ വിവാദം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഗ്യാനേഷും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നായിരുന്നു 'ദി ഇന്ത്യൻ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിലെ ആരോപണം.
എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മൂന്ന് കമ്മീഷണർമാരുടെയും ഏകകണ്ഠമായ അംഗീകാരത്തോടെയാണ് കൈക്കൊണ്ടതെന്ന് കമ്മീഷൻ ഇന്നലെ വ്യക്തമാക്കി. തങ്ങളുടെ ഉത്തരവുകൾക്ക് നിയമസാധുതയുണ്ടെന്നും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
Mumbai Police denied Cockroach Janata Party (CJP) permission for their October 2 protest demanding Chief Election Commissioner Gyanesh Kumar's resignation. Police cited lack of authority for Shivaji Park events, suggesting alternative venues. CJP co-founder Abhijit Deepke criticized the denial, questioning how others secure permits, and threatened a 'jail bharo' movement if their right to protest is denied.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |