
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്,അശുതോഷ് റാങ്ക എന്നിവരുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി 2 ദിവസത്തേക്ക് കൂടി നീട്ടി. ഇന്നലെ തീഹാർ ജയിലിൽ നിന്ന് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോഴാണിത്. സമരകേന്ദ്രമല്ലാതാക്കി മാറ്റിയ ജന്തർ മന്ദറിൽ കടന്ന് ദേശീയ പതാക വീശിയ നേതാക്കളെ ഒക്ടോബർ 14നാണ് 5 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് നേരത്തെ വിട്ടിരുന്നത്. അതേസമയം,സി.ജെ.പി നേതാക്കളുടെ കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന് ഭീഷണി സന്ദേശം വന്നതിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി.
നേഹ ഡൽഹി ഹൈക്കോടതിയിൽ
സമാധാന ബോണ്ടിൽ ഒപ്പുവയ്‌ക്കണമെന്ന നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സമാധാന ലംഘനമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി 10,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണമെന്നാണ് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദസറ ഉത്സവമായതിനാൽ ഹൈക്കോടതി 26നേ തുറക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ പ്രത്യേക അവധിക്കാല ബെഞ്ച് വാദം കേൾക്കണമെന്ന് നേഹയുടെ ഹർജിയിൽ ആവശ്യപ്പെട്ടു.
ഗ്യാനേഷിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാവണന്റെ കോലം ഉത്തരേന്ത്യയിൽ കത്തിക്കാറുണ്ട്. ഇന്നലെ ഡൽഹിയിൽ രാവണന്റെ മുഖത്തിനു പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ചിത്രം ഒട്ടിച്ച കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. ഗ്യാനേഷ് ഉടൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |