
ന്യൂഡൽഹി: പരീക്ഷയിൽ മാർക്ക് ലഭിക്കാത്തതിന് അദ്ധ്യാപകനെ കുറ്റപ്പെടുത്തുന്ന കുട്ടിയെപ്പോലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പുകളെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും വിമർശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. രാഹുലും പ്രതിപക്ഷ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും ഉൾപ്പെടെയുള്ള പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നു. ബി.ജെ.പി നടത്തുന്ന 'ജനാധിപത്യ സംരക്ഷണം, അരാജകത്വം ഒഴിവാക്കൽ' പ്രചാരണ പരിപാടിയുടെ ഭാഗമായി ഛത്തീസ്ഗഢിലെ ദുർഗിൽ നടന്ന മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതി ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്നുണ്ട്. എന്നാൽ സ്കൂൾ കാലഘട്ടത്തിൽ കുട്ടികൾ പെരുമാറുന്നത് പോലെയാണ് ചില ആളുകൾ. കുട്ടി പരീക്ഷ പാസാകുമ്പോൾ, താൻ മിടുക്കനാണെന്ന് അവകാശപ്പെടും. പരാജയപ്പെടുമ്പോൾ അദ്ധ്യാപകനെ കുറ്റപ്പെടുത്തും. ഒരു കോൺഗ്രസ് നേതാവ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ,സ്വയം പ്രതിഭയായി കണക്കാക്കുന്നു. തോറ്റാൽ,തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തും-നദ്ദ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |