
ന്യൂഡൽഹി: രാജ്യത്തിന്റെ തദ്ദേശീയ നാവിഗേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അടുത്ത തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്- 03, ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി-എഫ്18 വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ രാത്രി 11:51-നായിരുന്നു വിക്ഷേപണം നടന്നത്. "എൻവിഎസ്-03 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി-എഫ് 18 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ, ഷാറിൽ (SHAR) നിന്ന് കുതിച്ചുയർന്നു," - ഐഎസ്ആർഒ എക്സിൽ കുറിച്ചു.
രണ്ടാം തലമുറ എൻവിഎസ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എൻവിഎസ്-03. തദ്ദേശീയ ജിപിഎസ് പോലെയുള്ള 'നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ' (NavIC) സംവിധാനം വർദ്ധിപ്പിക്കുന്നതിനും നാവിഗേഷൻ സേവനങ്ങളുടെ തുടർച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
വലിയ കെട്ടിടങ്ങളും തിരക്കുള്ള നഗരങ്ങളിലും കൃത്യമായ സിഗ്നൽ ലഭിക്കും. ഗൂഗിൾ മാപ്, ഓൺലൈൻ ടാക്സി സർവീസുകൾ, ഡെലിവറി ആപ്പുകൾ എന്നിവ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കും. ഇതിനായി സാധാരണ സ്മാർട്ട്‌ഫോണുകളിലെ റേഡിയോ ഫ്രീക്വൻസിക്ക് അനുയോജ്യമായ രീതിയിലുള്ള പുതിയ എൽ1 ഫ്രീക്വൻസി സിഗ്നൽ ലഭിക്കുന്ന തരത്തിലാണ് എൻവിഎസ്- 03 ഉപഗ്രഹത്തിലെ ട്രാൻസ്പോണ്ടറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഫോണുകളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
പ്രത്യേകതകൾ
1. ഇന്ത്യ നിർമ്മിച്ച നാവിക് ഉപഗ്രഹങ്ങളുടെ രണ്ടാം തലമുറയിൽപ്പെട്ടതാണിത്. 12 വർഷമാണ് കാലാവധി. 2232 കിലോഗ്രാം ഭാരം. ആദ്യതലമുറയിലെ നാവികിൽ ഉപയോഗിച്ചുവന്ന വിദേശനിർമ്മിത അറ്റോമിക് ക്ളോക്കിന് പകരം ഗുജറാത്തിലെ അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്ററിൽ നിർമ്മിച്ച അറ്റോമിക് ക്ളോക്ക് ആണ് ഉപയോഗിക്കുന്നത്.
2.ജി.പി.എസ് പ്രവർത്തിക്കാൻ നാല് ഉപഗ്രഹങ്ങൾ ഒരേസമയം ബഹിരാകാശത്ത് വേണം. രണ്ട് ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമായതോടെ നാവിക് സേവനം പ്രതിസന്ധിയിലായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് നാവികിന്റെ പുതിയ ഉപഗ്രഹമായ എൻ.വി.എസ്- 03 അടിയന്തരമായി വിക്ഷേപിക്കുന്നത്.
3.ഗഗൻയാനിന്റെ ആളില്ലാ വിക്ഷേപണം മാറ്റിവച്ച് ഉടൻ നാവിക് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതേ ആവശ്യത്തിനായി എൻ.വി.എസ്-04, എൻ.വി.എസ്- 05 എന്നിവയും താമസിയാതെ വിക്ഷേപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |