SignIn
Kerala Kaumudi Online
Saturday, 19 September 2026 3.37 AM IST

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ പുതിയ നീക്കവുമായി കേജ്‌രിവാൾ, മണ്ടൻ തീരുമാനമെന്ന് വ്യാപാരികൾ

delhi

ന്യൂഡൽഹി: അന്തരീക്ഷമലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യതലസ്ഥാനത്ത് വാഹനങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കാൻ ചരക്ക് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഒക്ടോബർ ഒന്നു മുതൽ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങൾക്ക് കേജ്‌രിവാൾ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

പഴം, പച്ചക്കറി, ധാന്യങ്ങൾ, പാൽ തുടങ്ങി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് വിലക്ക് ബാധകമാക്കിയിട്ടില്ല. ശീതകാലത്ത് ഡൽഹിയിൽ അന്തരീക്ഷമലിനീകരണം വർദ്ധിക്കുകയും വായുവിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. സി.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ കൂടാതെ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഡീസൽ വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. ഒക്ടോബർ 1 മുതൽ ബി.എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾക്ക് മാത്രമായിരിക്കും ഡൽഹിയിലേക്ക് പ്രവേശനമുണ്ടായിരിക്കുകയെന്ന് ഹരിയാന സർക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.

അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. സർക്കാരിന്റെ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാൻ മറ്റുമാർഗ്ഗങ്ങളാണ് തേടേണ്ടതെന്നും അവർ പറഞ്ഞു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും നിറഞ്ഞ കാലമായതിനാൽ നിയന്ത്രണം ഡൽഹിയിലെ വ്യാപാരമേഖലയെ തകർക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൽ പ്രതികരിച്ചു.
വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സി.എൻ.ജി വാഹനങ്ങളുടെ എണ്ണം പരിമിതമാണെന്നും ചരക്കുവാഹന ശേഷി കുറവാണെന്നും വ്യാപാരികൾ പറയുന്നു. ഡൽഹിയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ മറ്റ് വ്യാപാരമേഖലകൾ തേടുന്നത് ഡൽഹിയുടെ സാമ്പത്തികമേഖലയെ തകിടം മറിക്കുമെന്നും ഡൽഹി ഗുഡ്‌സ് ട്രാൻസ്‌പോർട്ട് ഓർഗനൈസേഷൻ അംഗം രാജേന്ദ്ര കപൂർ പറഞ്ഞു. പെട്രോൾപമ്പുകളുടെ പ്രവർത്തനത്തെ വിലക്ക് സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവർണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DELHI, POLLUTION, INDIA, KEJRIWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360