
ന്യൂഡൽഹി: രാജ്യതാത്പര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന്, 101ൽപ്പരം നയതന്ത്ര കരാറുകൾ പുനഃപരിശോധിക്കാനുള്ള ബംഗ്ലാദേശിന്റെ നീക്കത്തോട് വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ഔദ്യോഗികമായി ബംഗ്ലാദേശിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കണക്‌ടിവിറ്റി, വ്യാപാരം, ഊർജ്ജം, വികസന സഹകരണം തുടങ്ങിയ മേഖലകളിലെ കരാറുകൾ പുനഃപരിശോധിക്കാനാണ് ബംഗ്ലാദേശിന്റെ നീക്കം. 1996ലെ ഗംഗാജലം പങ്കിടൽ കരാർ ഈവർഷം ഡിസംബറിൽ അവസാനിക്കാനിരിക്കുകയാണ്. കരാർ പുതുക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംയുക്ത നദീ കമ്മിഷൻ രണ്ടു രാജ്യങ്ങളുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
പാക് ആരോപണങ്ങൾ തള്ളി
വടക്കൻ അറബിക്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയിൽ പാക് നാവിക കപ്പലായ പി.എൻ.എസ് ഹുനൈൻ കൊണ്ടിടിച്ചതിലും രൺധീർ പ്രതികരിച്ചു. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാക് നടപടിയെ തള്ളി. ചൊവ്വാഴ്ച വൈകീട്ട് പാക് കപ്പൽ ഇന്ത്യൻ കപ്പലിനു നേർക്ക് അതിവേഗതയിൽ പാഞ്ഞടുക്കുകയായിരുന്നു. അൺപ്രൊഫഷണൽ സമീപനമാണുണ്ടായത്. ഇരുരാജ്യങ്ങളുടെയും നാവികസേനാ കപ്പലുകളും അന്തർവാഹിനികളും തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്ന 1991ലെ കരാർ പാകിസ്ഥാൻ ലംഘിച്ചുവെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |