
ബംഗളൂരു: ബുധനാഴ്ച രാത്രിയിൽ തിരക്കേറിയ റോഡിൽ ചീറിപ്പാഞ്ഞ് കാർ. തുടർച്ചയായി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടി. ഒടുവിൽ നാട്ടുകാർ കാർ തടഞ്ഞുനിറുത്തി പൊലീസിൽ അറിയിച്ചു. പരിശോധനയ്ക്കിടെ ഡിക്കി തുറന്ന പൊലീസ് കണ്ടത് ഒരു ആൺകുട്ടിയുടെ മൃതദേഹം. ഇതോടെ പുറത്തുവന്നത് പണത്തിനായി 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ക്രൂരസംഭവം.
പ്രതി അയൽവാസിയായ യുവാവ്. കർണാടകയിലെ യെലഹങ്കയിലാണ് നാടിനെ നടുക്കിയ സംഭവം. വിനായക നഗർ സ്വദേശിയായ പ്രജ്വലാണ് കൊല്ലപ്പെട്ടത്. അയൽവാസി 28കാരനായ ഭാസ്‌കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ വിഗ്രഹ ഘോഷയാത്ര ചടങ്ങുകൾക്കായി പടക്കം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് രണ്ട് ദിവസം മുൻപ് ഭാസ്‌കർ പ്രജ്വലിനെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പരിചയക്കാരനായതിനാൽ കുട്ടിക്ക് സംശയം തോന്നിയില്ല. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
കാറിൽ വച്ച് പ്രജ്വലിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതി റെക്കാഡ് ചെയ്തു. പണം ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രജ്വൽ ചെറുത്തുനിൽക്കാനും രക്ഷപ്പെടാനും ശ്രമിച്ചപ്പോൾ പ്രതി സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാനായിരുന്നു പദ്ധതി. കൊലപാതകത്തിനുപിന്നിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ആദ്യം പറഞ്ഞത് കുട്ടി കാറിനുമുമ്പിൽ ചാടിയതെന്ന്
ആന്ധ്രയിലേക്ക് പോകുന്നതിനിടെ പ്രതിയുടെ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. പ്രതി യാത്ര തുടർന്നു. ബെല്ലാരി സർവീസ് റോഡിൽ വച്ച് മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ഇതോടെയാണ് ആളുകൾ കാർ തടഞ്ഞുനിറുത്തിയത്. ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്. ഇതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലിൽ, കുട്ടി കാറിനുമുന്നിലേക്ക് ചാടിയതാണെന്നും അവിടെ വച്ച് മരിച്ചെന്നും പറഞ്ഞു. സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് മൃതദേഹം ആന്ധ്രയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതെന്നും പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ വാദങ്ങളെല്ലാം പൊളിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |